പ്രതിഷേധക്കാരെ ഒഴിപ്പിച്ചു; ട്രംപ് ചരിത്രപ്രസിദ്ധ ചർച്ചിലെത്തി
text_fieldsവാഷിങ്ടൺ: കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിെൻറ കൊലപാതകത്തെ തുടർന്ന് അമേരിക്കയിലുടനീളം ആളിപ്പടർന്ന പ്രതിഷേധത്തിനിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചരിത്രപ്രസിദ്ധമായ ചർച്ചിലെത്തി. വൈറ്റ് ഹൗസിന് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തീപിടിച്ച ‘പ്രസിഡൻറുമാരുടെ പള്ളി’ എന്ന് അറിയപ്പെടുന്ന സെൻറ് ജോൺസ് ചർച്ചിലാണ് ട്രംപ് എത്തിയത്.
വൈറ്റ് ഹൗസിന് മുന്നിലും ചർച്ചിന് സമീപവും പ്രക്ഷോഭം തുടരുന്നതിനിടെയാണ് കൈയിൽ ബൈബിളുമായി ട്രംപ് പള്ളിയിലേക്ക് എത്തിയത്. പ്രക്ഷോഭകരെ ടിയർഗ്യാസ് അടക്കം ഉപയോഗിച്ച് ബലംപ്രയോഗിച്ച് നീക്കിയതിന് ശേഷമാണ് ട്രംപിന് ചർച്ചിലേക്ക് സുരക്ഷ ഉദ്യോഗസ്ഥർ വഴിയൊരുക്കിയത്. ‘ലോകത്തെ ഏറ്റവും മഹത്തായ രാഷ്ട്രമാണിത്. ഇത് സുരക്ഷിതമായി സൂക്ഷിക്കാൻ പോകുന്നു’ എന്ന് പ്രഖ്യാപിച്ചാണ് ട്രംപ് ചർച്ചിെൻറ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ക്രമസമാധാനപാലകനായ നിങ്ങളുടെ പ്രസിഡൻറാണ് ഞാൻ. സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന എല്ലാവരുടെയും പങ്കാളിയുമാണ്- ട്രംപ് പറഞ്ഞു.
പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു മണിക്കൂർ ബങ്കറിലൊളിക്കേണ്ടി വന്ന ട്രംപ്, പൊതുവേദിയിൽ നിന്ന് മാറിനിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പള്ളി സന്ദർശിച്ചത്. 1816 ഒക്ടോബർ 27ന് ആരംഭിച്ച ചർച്ചിലേക്ക് വൈറ്റ്ഹൗസിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ. ചർച്ച് ആരംഭിച്ച സമയത്തെ പ്രസിഡൻറ് ജെയിംസ് മാഡിസൺ മുതൽ എല്ലാ പ്രസിഡൻറുമാരും ഈ പള്ളിയിലെ ഒരു ശുശ്രൂഷയിലെങ്കിലും പങ്കെടുത്തിട്ടുണ്ട്.
സന്ദർശനത്തിൽ പ്രതിഷേധം –ബിഷപ്
വാഷിങ്ടൺ: െസൻറ് മേരീസ് ചർച്ചിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ സന്ദർശനത്തിൽ താൻ ഏറെ പ്രകോപിതയാണെന്ന് വാഷിങ്ടൺ ബിഷപ് റവ. മരിയൻ ബുദ്ദെ പറഞ്ഞു. പ്രതിഷേധക്കാരെ ബലപ്രേയാഗത്തിലൂടെ നീക്കി കൈയിൽ ബൈബ്ളുമായി പള്ളിയിെലത്തിയ ട്രംപ് പ്രാർഥിച്ചില്ലെന്നും അവർ പറഞ്ഞു. 400 വർഷമായി രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥാപിത വംശീയതയും വെള്ളക്കാരെൻറ മേധാവിത്വവും ഇല്ലാതാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ ട്രംപ് അംഗീകരിച്ചില്ലെന്നും ബിഷപ് ട്വിറ്ററിലൂടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.