ട്രംപിന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങളുള്ള വിഡിയോ പുറത്ത്
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ദ് വാഷിങ്ടൺ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമർശങ്ങൾ 2005ൽ റെക്കോർഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു.
തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്ന ആളാണ് ട്രംപ് എന്ന് അദ്ദേഹം നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ വഴി ബോധ്യപ്പെട്ടിരുന്നു. എന്നാൽ, വിഡിയോ കൂടി പുറത്തു വന്നതോടെ ട്രംപിനെ പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയ റിപ്പബ്ലിക്കൻ പാർട്ടിയാണ് വെട്ടിലായത്.
വിഡിയോ പുറത്തു വന്നതിന് പിന്നാലെ ട്രംപിനെതിരെ ശക്തമായ പ്രതികരണവുമായി തെരഞ്ഞെടുപ്പിലെ എതിരാളിയും ഡൊമാക്രറ്റിക് സ്ഥാനാർഥിയുമായ ഹിലരി ക്ലിന്‍റൺ രംഗത്തെത്തി. ശബ്ദരേഖയിലെ പരാമർശങ്ങളെ ഭയപ്പെടുത്തുന്നത് എന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ രാജ്യത്തിന്‍റെ പ്രസിഡന്‍റാകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റും ചെയ്തു.
ശക്തമായ പ്രതികരണവുമായി ഹിലരി രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തിൽ ട്രംപ് ക്ഷമാപണം നടത്തി. സ്ത്രീകൾക്കെതിരായ മോശം പരാമർശത്തിൽ ഖേദിക്കുന്നതായി ട്രംപ് പറഞ്ഞു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്‍റെ വിവാദ പരാമർശങ്ങൾ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ദുഃഖത്തിലാണ് റിപ്പബ്ലിക്കൻ നേതാക്കളും അനുകൂലികളും. ട്രംപിന്‍റേത് അനുചിതവും കുറ്റകരവുമായ വാക്കുകളാണിതെന്ന് ന്യൂഹാംഷെയറിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ കെല്ലി അയോട്ട് പ്രതികരിച്ചു.
സൗന്ദര്യ മൽസരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ഡൊണൾഡ് ട്രംപ് ലാറ്റിനമേരിക്കൻ വംശജയും മുൻ ലോക സുന്ദരിയുമായ അലിസിയ മഷാഡോയെ അപമാനിച്ചെന്ന ഹിലരിയുടെ ആരോപണം വൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. പ്രസിഡന്‍റ് സ്ഥാനാർഥികളുടെ സംവാദത്തിനിടെയായിരുന്നു ഹിലരി ആരോപണം ഉന്നയിച്ചത്.
ലോകസുന്ദരിപ്പട്ടം നേടിയശേഷം തടിവെച്ചപ്പോൾ പന്നിക്കുട്ടിയെന്നും വീടുനോട്ടക്കാരിയെന്നും വിളിച്ച് ട്രംപ് തന്നെ അപമാനിച്ചതായി അലിസിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ട്രംപിന്‍റെ ലാറ്റിനമേരിക്കൻ വിദ്വേഷത്തിന് താനും ഇരയായെന്ന് അലിസിയ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അലിസിയയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കൻ ജനത പരിശോധിക്കണമെന്നാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്. അലിസിയ മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് ഹിലരി ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.