കിം-ട്രംപ് കൂടിക്കാഴ്ച ഉടൻ
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു. നേരിട്ട് കണ്ട് ചർച്ച നടത്താമെന്ന കിമ്മിെൻറ നിർദേശം ട്രംപ് സ്വീകരിച്ചതായി അടുത്തിടെ ഉത്തര കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ച ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു യോങ്ങാണ് അറിയിച്ചത്.
ട്രംപുമായും യു.എസ് ദേശീയ സുരക്ഷസംഘവുമായും നടത്തിയ കൂടിക്കാഴ്ചക്കുശേഷം വൈറ്റ്ഹൗസിൽവെച്ചാണ് ഇക്കാര്യം ദക്ഷിണ കൊറിയൻ നേതാവ് വ്യക്തമാക്കിയത്. മേയ് അവസാനമായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. കിം-ട്രംപ് കൂടിക്കാഴ്ച നടക്കുമെന്ന വാർത്ത സ്ഥിരീകരിച്ച വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് സമയവും സ്ഥലവും ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
‘‘കൊറിയൻ ഉപഭൂഖണ്ഡത്തിെൻറ പൂർണമായ ആണവനിരായുധീകരണമാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുംവിധം കൂടിക്കാഴ്ചക്ക് അരങ്ങൊരുക്കാമെന്ന് ദക്ഷിണ കൊറിയൻ പ്രതിനിധി അറിയിച്ചതിനാലാണ് കൂടിക്കാഴ്ചക്ക് ട്രംപ് സമ്മതിച്ചത്. പൂർണമായ ആണവ നിരായുധീകരണ നടപടികൾക്ക് ഉത്തര കൊറിയ തുടക്കം കുറിക്കുന്നില്ലെങ്കിൽ ഇതിന് ഫലമുണ്ടാവില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു’’ -സാൻഡേഴ്സ് പറഞ്ഞു.
ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഉപരോധങ്ങളുടെ ഫലമായാണ് കിം േജാങ് ഉൻ ചർച്ചക്ക് തയാറായതെന്ന് യു.എസ് കോൺഗ്രസ് വിദേശകാര്യസമിതി അധ്യക്ഷൻ എഡ് റോയ്സ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി സമാധാനപരമായി പരിഹരിക്കുന്നതിനാണ് അേമരിക്കയും ദക്ഷിണ കൊറിയയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നും അക്കാര്യത്തിൽ ചൈനക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് അധികാരമേറ്റശേഷം അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം പൂർവാധികം വഷളായിരുന്നു. കടുത്ത വാക്കുകളുമായി കിമ്മും ട്രംപും പരസ്പരം േപാരടിച്ചതോടെ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടി.
കഴിഞ്ഞ നവംബറിൽ അമേരിക്കയുടെ ഏതുഭാഗത്തേക്കും തൊടുക്കാൻ കഴിയുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് അവകാശപ്പെട്ട കിം പൂർണ ആണവ രാജ്യമായി ഉത്തര കൊറിയ മാറിയതായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയ് ഇൻ മുൻകൈയെടുത്ത് തുടക്കമിട്ട സമാധാനശ്രമങ്ങളുടെ തുടർച്ചയായാണ് ട്രംപ്-കിം കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങുന്നത്.
അതേസമയം, ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കിം ജോങ് ഉന്നിെൻറ നിലപാട് അപ്രതീക്ഷിതമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു.
‘നാടകീയമായ മനംമാറ്റമാണിത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ഇത്’ -ആഫ്രിക്കൻ പര്യടനത്തിനിടെ ജിബൂട്ടിയിലെത്തിയ ടില്ലേഴ്സൺ പറഞ്ഞു. അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ നേരിട്ടുള്ള ചർച്ചക്ക് ഉടൻ സാധ്യതയില്ലെന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഉപരോധം തുടരും-അമേരിക്ക
വാഷിങ്ടൺ: ഇരു രാജ്യത്തലവന്മാരും തമ്മിലുള്ള ചർച്ചക്ക് കളമൊരുങ്ങുേമ്പാഴും ഉത്തര കൊറിയക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയ പൂർണമായി ആണവ നിരായുധീകരണ രാഷ്ട്രമാവുന്നതുവരെ ഉപരോധം തുടരാനാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളാണ് അറിയിച്ചത്. കഴിഞ്ഞമാസമാണ് ഷിപ്പിങ് കമ്പനികൾക്കടക്കം കടുത്ത നിയന്ത്രണങ്ങളുമായി ഉത്തര കൊറിയക്കെതിരായ എക്കാലത്തെയും കനത്ത ഉപരോധം ട്രംപ് നടപ്പാക്കിയത്.
അധികാരത്തിലെത്തിയതു മുതൽ ഉത്തര കൊറിയക്കെതിരെ രൂക്ഷമായ വാക്കുകൾ തൊടുത്തുതുടങ്ങിയ ട്രംപ് സമാധാന ശ്രമങ്ങളുടെ ഭാഗമായാലും ഉപരോധത്തിൽ അയവുവേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മുൻ ഭരണകൂടങ്ങൾ ചർച്ചയുടെ ഭാഗമായി നൽകിയ ഇളവുകൾ ഉത്തര കൊറിയ ദുരുപയോഗം ചെയ്യുന്ന അവസ്ഥയായിരുന്നുവെന്നും ഇത് ആ രാജ്യത്തിനുമേലുള്ള ആണവ നിരായുധീകരണ സമ്മർദം കുറച്ചുവെന്നും വൈറ്റ് ഹൗസ് വിലയിരുത്തുന്നു. അതിനാൽ, ഇനി അതനുവദിക്കാനാവില്ലെന്നാണ് ട്രംപ് ഭരണകൂടത്തിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.