സഖ്യകക്ഷികളുടെ അഭ്യർഥന തള്ളി; ഇറാൻ ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറി
text_fieldsവാഷിങ്ടൺ: യൂറോപ്യൻ യൂനിയൻ സഖ്യകക്ഷികളുടെ അവസാന അഭ്യർഥനകളും അവഗണിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇറാനെതിരായ ഉപരോധം നിർത്തിവെച്ച നടപടി പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ, യു.എസ്-ഇറാൻ ബന്ധം 2015ന് മുമ്പുള്ള അവസ്ഥയിലേക്ക് മാറി. ഇൗ പ്രഖ്യാപനത്തോടൊപ്പം, തെഹ്റാനെതിരെ കൂടുതൽ കടുത്ത സാമ്പത്തിക നടപടികളുണ്ടാകുമെന്നും യു.എസ് പ്രസിഡൻറ് പറഞ്ഞു. ഇറാൻ ഉപരോധത്തിലെ അയവ് യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം ഇടപാടായാണ് ട്രംപ് കാണുന്നത്. 2015ലാണ് ഇറാൻ ലോകശക്തികളായ യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂനിയൻ എന്നിവരുമായി ‘സംയുക്ത സമഗ്ര കർമപദ്ധതി’ പേരിലുള്ള കരാർ ഒപ്പിടുന്നത്. കരാറിൽനിന്നുള്ള പിന്മാറ്റം മിഡിൽ ഇൗസ്റ്റിലെ പ്രതിസന്ധികൾ വർധിപ്പിക്കുമെന്ന് ഇൗ കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി തോമസ് കൺട്രിമാൻ പറഞ്ഞു.
അതിനിടെ, യു.എസിെൻറ ഏതു നീക്കത്തെയും നേരിടാൻ ഒരുക്കമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ട്രംപിെൻറ പ്രഖ്യാപനമുണ്ടാകുന്നതിന് മുേമ്പ പ്രതികരിച്ചു. ആണവകരാറിൽനിന്ന് യു.എസ് പിന്മാറുകയാണെങ്കിൽ ചില പ്രശ്നങ്ങൾ നേരിടാൻ തയാറായിരിക്കണമെന്ന് റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു.തെഹ്റാനിൽ നടന്ന പെട്രോളിയം കോൺഫറൻസിലാണ് ട്രംപിെൻറ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നൽകിയത്. ‘‘രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതെല്ലാം കടന്നു നാം മുന്നോട്ടുപോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മക ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും’’ -റൂഹാനി വ്യക്തമാക്കി. രാജ്യത്തിനുനേരെ ഉപരോധമുണ്ടായാലും ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കുകയാണു വേണ്ടത്. അതു രാജ്യത്തിെൻറ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷൻ അഭിസംബോധനയിൽ നേരത്തേ റൂഹാനി വ്യക്തമാക്കിയിരുന്നു.
ട്രംപിെൻറ തീരുമാനം നേരിടുമെന്ന് ഇറാൻ വൈസ് പ്രസിഡൻറ് ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യു.എസ് കരാറിൽനിന്നു പിന്മാറിയാലും രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇറാൻ സെൻട്രൽ ബാങ്ക് തലവൻ വാലിയോല്ലാ സെയ്ഫ് പറഞ്ഞു.2015ലെ കരാർ അനുസരിച്ച് ആണവായുധങ്ങളുടെ ഉൽപാദനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുന്നതിനു പകരമായി ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയായിരുന്നു. എന്നാൽ, ഒബാമ ഭരണകൂടം കൊണ്ടുവന്ന കരാർ വൻ അബദ്ധമാണെന്നായിരുന്നു ട്രംപിെൻറ പ്രതികരണം. ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ്. ആണവ കരാർ ബാലിസ്റ്റിക് മിസൈൽ നിർമാണത്തിനുൾപ്പെടെ ഇറാനു മേൽ പൂർണ നിയന്ത്രണം കൊണ്ടുവരുന്നില്ലെന്നായിരുന്നു പരാതി. സിറിയയിലെയും യമനിലെയും ഇടപെടലിൽനിന്ന് ഇറാനെ തടയുന്ന ഒന്നും കരാറിൽ ഇല്ല. കരാറിൽ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിർമാണത്തിൽ ഇറാന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.