സൈന്യത്തെ ഇറക്കും; പ്രക്ഷോഭകർക്ക് ഭീഷണിയുമായി ട്രംപ്
text_fieldsന്യൂയോർക്ക്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ യു.എസിലാകമാനം തുടരുന്ന പ്രക്ഷോഭങ്ങൾക്ക് ഭീഷണിയുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്റ്റേറ്റുകൾ പ്രതിഷേധക്കാരെ അടിച്ചമർത്തിയില്ലെങ്കിൽ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
മേയർമാരും ഗവർണർമാരും ക്രമസമാധാനം പുനഃസ്ഥാപിക്കണം. നഗരങ്ങളിൽ, തെരുവുകളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കണം. ഗവർണർമാർ വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ‘ആയിരമായിരം’ അമേരിക്കൻ സൈന്യത്തെ ഇറക്കി പ്രശ്നം പരിഹരിക്കും.
ലോകത്തെ മഹത്തായ രാജ്യമാണ് നമ്മുടേത്. നമ്മൾ അത് ഭദ്രമായി കാത്തുസൂക്ഷിക്കും. ഞാൻ നിങ്ങളെ സംരക്ഷിക്കാനായി പോരാടും. ഞാനാണ് നിങ്ങളുടെ ക്രമസമാധാനപാലകൻ. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ഒപ്പവും ഞാനുണ്ട് -ട്രംപ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയിലെ വംശവെറിക്കെതിരെ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി തുടരുകയാണ്. റോഡ് ഗാർഡനിൽ ട്രംപ് പ്രഭാഷണം നടത്തുമ്പോൾ വൈറ്റ് ഹൗസിന് എതിർവശത്തെ പാർക്കിൽ പ്രതിഷേധക്കാർക്കു നേരെ നാഷണൽ ഗാർഡ്സ് കണ്ണീർ വാതകം പ്രയോഗിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേതൃത്വത്തിന്‍റെ കഴിവില്ലായ്മയാണ് മിനിയപൊളിസിൽ പ്രതിഷേധം പടരാൻ കാരണമായതെന്നും മേയർക്ക് ജോലി ചെയ്യാൻ കഴിവില്ലെങ്കിൽ താൻ അമേരിക്കൻ സൈന്യത്തെ അയക്കുമെന്നും ട്രംപ് നേരത്തെ തന്നെ കുറ്റപ്പെടുത്തിയിരുന്നു.
മിനിയപൊളിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിലമർത്തി ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തുകയായിരുന്നു. മിനിയപൊളിസ് സ്റ്റേഷനിലെ പൊലീസുകാരായ ഡെറിക് ചൗലിൻ അഞ്ച് മിനിറ്റോളം ജോർജ് ഫ്ലോയിഡിെൻറ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. റെസ്റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്ലോയിഡിനെ പൊലീസ് ആളുമാറി പിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.