ഫലസ്തീനുള്ള സഹായം നിർത്തുമെന്ന് ട്രംപിെൻറ ഭീഷണി
text_fieldsവാഷിങ്ടൺ: ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ച് പശ്ചിമേഷ്യയിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ട യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുതിയ ഭീഷണിയുമായി ട്വിറ്ററിൽ വീണ്ടും. ഇസ്രായേലുമായി സമാധാന പ്രക്രിയയിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച ഫലസ്തീൻ ഭരണകൂടം നയം മാറ്റിയില്ലെങ്കിൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് സഹായം വെട്ടിക്കുറക്കുമെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് ഫലസ്തീൻ അതോറിറ്റിക്ക് നൽകിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന ട്രംപിെൻറ ഭീഷണി. ‘‘കോടിക്കണക്കിന് ഡോളർ സഹായം ഒാരോ വർഷവും ഫലസ്തീനികൾക്ക്. എന്നിട്ടും അനുമോദനമോ ആദരമോ തിരിച്ചു ലഭിക്കുന്നില്ല. ഏറെയായി ഇസ്രായേലുമായുള്ള സമാധാന കരാർ പോലും അവർ ആഗ്രഹിക്കുന്നില്ല’’ -ട്വിറ്ററിൽ ട്രംപ് കുറിച്ചു. 26 കോടി ഡോളറാണ് പ്രതിവർഷം യു.എസ്, ഫലസ്തീൻ അതോറിറ്റിക്ക് സഹായം നൽകുന്നത്. ഫലസ്തീൻ സുരക്ഷാ വിഭാഗത്തിന് അഞ്ചുകോടി വേറെയും. ഇസ്രായേലിന് പ്രതിവർഷം യു.എസ് 300 കോടിയിലേറെ ഡോളർ യു.എസ് നൽകുന്നുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും സ്രോതസ്സുകളില്ലാത്ത ഫലസ്തീനെ നിശ്ചലമാക്കുന്നതാകും സഹായം അവസാനിപ്പിക്കാനുള്ള നീക്കം.
ട്രംപിെൻറ പ്രഖ്യാപനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തപ്പോൾ ഭീഷണിയുടെ മുനയിൽനിർത്തി വിലപേശൽ അനുവദിക്കില്ലെന്ന് ഫലസ്തീൻ വക്താവ് ഹനാൻ അഷ്റാവി പറഞ്ഞു. പാകിസ്താന് സഹായം അവസാനിപ്പിക്കുന്നതായി കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.