യു.എസ് യാത്ര വിലക്ക്:പട്ടികയിൽനിന്ന് മുത്തശ്ശി-മുത്തശ്ശന്മാരെയും പേരക്കുട്ടികളെയും ഒഴിവാക്കി
text_fieldsവാഷിങ്ടൺ: ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് യു.എസിലേക്ക് യാത്ര വിലക്കിയവരുടെ പട്ടികയിൽനിന്ന് മുത്തശ്ശി, മുത്തശ്ശൻ, പേരക്കുട്ടികൾ എന്നിവരെ ഒഴിവാക്കി സുപ്രീംകോടതി ഉത്തരവ്. ട്രംപിന് വലിയ തിരിച്ചടിയാണ് കോടതിയുത്തരവ്.
കഴിഞ്ഞയാഴ്ച ഹവായ് ഫെഡറൽ കോടതി വിലക്കുള്ളവരുടെ പട്ടികയിൽനിന്ന് യു.എസിൽ കഴിയുന്നവരുടെ അടുത്ത ബന്ധുക്കളെ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഫെഡറൽ കോടതികൾ തള്ളിയ വിവാദ യാത്രവിലക്ക് ഉപാധികളോടെ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി കഴിഞ്ഞമാസമാണ് അനുമതി നൽകിയത്. യു.എസിൽ സ്ഥിരതാമസമുള്ളവരുടെ അടുത്ത ബന്ധുക്കൾക്കും ബിസിനസ് ബന്ധമുള്ളവർക്കും വിലക്ക് ബാധകമല്ല.
അതുപ്രകാരം യാത്രവിലക്കുള്ളവരുടെ പട്ടികയും പുറത്തിറക്കുകയുണ്ടായി. അടുത്ത ബന്ധുക്കൾ ആരെല്ലാമെന്നു കാണിച്ച് സർക്കാർ നേരത്തേ പുറത്തിറക്കിയ പട്ടികയിൽ മുത്തശ്ശി-മുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പെട്ടിരുന്നില്ല. മരുമകൾ, സഹോദരഭാര്യ, സഹോദരീ ഭർത്താവ്, അനന്തരവൻ, അമ്മാവൻ, അമ്മായി എന്നിവരും വിലക്കുള്ളവരുടെ പട്ടികയിലായിരുന്നു.
തീവ്രവാദ ആക്രമണം തടയാനെന്ന വാദത്തിലാണ് ട്രംപ് ഭരണകൂടം ലിബിയ, ഇറാൻ, സോമാലിയ, സുഡാൻ, യമൻ, സിറിയ എന്നീ ആറു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യു.എസിലേക്ക് വിലക്കേർപ്പെടുത്തിയത്. ജനുവരിയിലാണ് ആദ്യമായി ഇത്തരമൊരു ഉത്തരവുമായി ട്രംപ് രംഗത്തുവന്നത്. വിവാദമായതോടെ മാർച്ചിൽ പരിഷ്കരിച്ച് വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ഉത്തരവിനെതിരെ രാജ്യത്തിനകത്തും പുറത്തും വൻപ്രതിഷേധമാണ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.