ഹിതപരിശോധനക്ക് മൂന്നുനാൾ
text_fieldsഅങ്കാറ: തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണക്രമത്തിന് മുന്നോടിയായുള്ള ഭരണഘടന ഭേദഗതിക്കായുള്ള ഹിതപരിശോധനക്ക് മൂന്നുനാൾ കൂടി. ഞായറാഴ്ച നടക്കുന്ന ഹിതപരിശോധനയെ അനുകൂലിച്ച് തുർക്കി ജനത വോട്ടുചെയ്താൽ രാജ്യം പാർലമെൻററി ജനാധിപത്യത്തിൽനിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് വഴിമാറും. അതോടെ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് 2029 വരെ അധികാരത്തിൽ തുടരാനും വഴിയൊരുങ്ങും. ഹിതപരിശോധനയെ ജനം എതിർത്താൽ ഉർദുഗാനു വൻതിരിച്ചടിയാകും.
രാജ്യത്തെ രണ്ടായിപ്പകുക്കുന്ന തെരഞ്ഞെടുപ്പിെൻറ അന്തിമഫലമറിയാൻ തുർക്കിക്കൊപ്പം ലോകവും ഉറ്റുനോക്കുകയാണ്. ഉർദുഗാെൻറ അധികാരം വിപുലീകരിക്കുന്ന ഹിതപരിശോധനക്ക് ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എതിർപ്പാണ്. അധികാരം ഉർദുഗാനിൽ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് പ്രധാന ആരോപണം. 2016ൽ തുർക്കിയിൽനടന്ന പട്ടാള അട്ടിമറിശ്രമത്തിനുശേഷം ഉർദുഗാൻ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് ഇവരുയർത്തുന്ന മറ്റൊരു വാദം. പട്ടാള അട്ടിമറിക്കുശേഷം 47,155 പേരെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം ഫലപ്രദമായി നടപ്പാകുന്നുണ്ടെന്ന വാദമാണ് ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ്െഡവലപ്മെൻറ് പാർട്ടി (അക്)യുടെ മറുപടി. ഇസ്തംബൂളിൽ ഒരാഴ്ച മുമ്പുനടന്ന പ്രചാരണങ്ങളിലും ഇതായിരുന്നു ഭരണകക്ഷിയുടെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പിന്തുണയുറപ്പിക്കാൻ ഉർദുഗാനും പ്രധാനമന്ത്രി ബിൻ അലി യിൽദിരിമും തെരുവിലിറങ്ങി. ആയിരക്കണക്കിന് അനുയായികൾ അവരെ വരവേറ്റു.
ഹിതപരിശോധന വിജയിച്ചാൽ ഒരു കാറിന് ഒരേയൊരു ഡ്രൈവർ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുമെന്ന് ലുഖ്മാൻ ദിൽബിരിം എന്ന 30കാരൻ പറഞ്ഞു. താൻ ഹിതപരിശോധനെയ അനുകൂലിക്കുന്നുവെന്നും ഭരണം കൂടുതൽ സുഗമമാവുമെന്നും ദിൽബിരിം കൂട്ടിച്ചേർത്തു. ഉർദുഗാൻ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചിലർ അദ്ദേഹത്തെ തടയാൻ ശ്രമിക്കുകയാണെന്നും അസ്മ ഇൗറൻ എന്ന വീട്ടമ്മ അഭിപ്രായപ്പെട്ടു. തുർക്കിയിലെ അറസ്റ്റുകളെ കുറിച്ച് ചോദിച്ചപ്പോഴും അവർ ഉർദുഗാെൻറ പക്ഷത്തുതന്നെ നിലകൊണ്ടു.
അതേസമയം, പ്രസിഡൻഷ്യൽ ഭരണം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി അനുകൂലികൾ ആരോപിച്ചു. കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഇതേ നിലപാടിലാണ്. അതിനാൽ ജനം ഹിതപരിശോധന തള്ളിക്കളയണമെന്നാണ് ഇവരുടെ ആഹ്വാനം. ഹിതപരിശോധനയിൽ ഉർദുഗാൻ വിജയിക്കുമെന്നാണ് ഭൂരിപക്ഷം സർവേകളും അഭിപ്രായപ്പെടുന്നത്. അനർ ഏജൻസി നടത്തിയ അഭിപ്രായസർവേയിൽ 52 ശതമാനം പേർ ഹിതപരിശോധന പിന്തുണക്കുമെന്നാണ് പറയുന്നത്. രാജ്യത്തെ 4000 പേരെ അഭിമുഖം നടത്തിയാണ് അവർ റിപ്പോർട്ട് തയാറാക്കിയത്. 41 പ്രവിശ്യകളിലുള്ള 2000 പേരിൽ നടത്തിയ സർവേ അനുസരിച്ച് 51.2 ശതമാനം േവാട്ടുകൾ ഹിതപരിശോധനക്ക് അനുകൂലമാണെന്ന് കൊൻ സെൻസസ് പോളിങ് കമ്പനിയുടെ റിപ്പോർട്ട് വിലയിരുത്തുന്നു.
തുർക്കിയിലെ വോട്ടർമാരെ കൂടാതെ, യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറിയ തുർക്കി പൗരന്മാരും വോെട്ടടുപ്പിൽ പങ്കാളികളാണ്. അവരുടെ നിലപാടും തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.