ബന ആബിദ്; സിറിയയില്‍ നിന്നൊരു ആന്‍ഫ്രാങ്ക്
text_fieldsഡമസ്കസ്: ‘‘സൈന്യം ഞങ്ങളെ പിടികൂടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിധിയുണ്ടെങ്കില്‍ വീണ്ടുമൊരിക്കല്‍ കണ്ടുമുട്ടാം. ഇപ്പോള്‍ രക്ഷ തേടിയുള്ള യാത്രയിലാണ് ഞങ്ങള്‍. വിട’’ -ചുരുങ്ങിയ വാക്കുകളില്‍ വിടപറയലിന്‍െറ വേദനയൊതുക്കി അവള്‍ പോയി. അവളുടെ പേര് ബന അല്‍ആബിദ്. നമുക്ക് സിറിയയിലെ ആന്‍ഫ്രാങ്ക് എന്നു വിളിക്കാം. അലപ്പോയെന്ന യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഈ ഏഴുവയസ്സുകാരിയെ ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ലോകം അറിഞ്ഞത്.
ഉമ്മയുടെ സഹായത്തോടെയാണ് അവള്‍ സന്ദേശങ്ങള്‍ പകര്‍ത്തിത്തുടങ്ങിയത്. രണ്ടുലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നുണ്ട് ഈ അക്കൗണ്ട്.
സെപ്റ്റംബര്‍ അവസാനമായിരുന്നു അവളും ഉമ്മയും ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. കറുത്തിടതൂര്‍ന്ന മുടിയിഴകളുള്ള, തിളങ്ങുന്ന കണ്ണുകളുള്ള ആ കൊച്ചു സുന്ദരി അധികം വൈകാതെ ലോകത്തിന്‍െറ ശ്രദ്ധ കവര്‍ന്നു. ബോംബുകള്‍ പേടിപ്പിക്കുന്ന രാത്രികള്‍ വെളുപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ട്വിറ്ററില്‍ അവളാദ്യം പങ്കുവെച്ചത്. കെട്ടിടങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ആ ശബ്ദം കേട്ട് സഹോദരങ്ങള്‍ക്കൊപ്പം വിറങ്ങലിച്ചിരിക്കുന്ന ചിത്രങ്ങളും അവള്‍ പോസ്റ്റ് ചെയ്തു.
70 വര്‍ഷം മുമ്പ് നാസികളെ ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് ആന്‍ഫ്രാങ്ക് എന്ന കൊച്ചുബാലികയുടെ ആകുലതകള്‍ ഡയറിക്കുറിപ്പിലൂടെ പുറംലോകമറിയുകയുണ്ടായി. മരണശേഷമാണ് ആന്‍ഫ്രാങ്കിന്‍െറ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തത്. ആയിരക്കണക്കിന് ആളുകള്‍ തന്‍െറ എഴുത്ത് വായിക്കുമെന്ന് അവള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍, ബനയുടെ ട്വീറ്റുകള്‍ അതിജീവനത്തിനായി ലോകത്തിന്‍െറ കൈത്താങ്ങ് തേടിയുള്ളതാണ്. അതുകൊണ്ടാണ് വിരലുകള്‍കൊണ്ട് കണ്ണീരു തുടച്ച് ലോകമേ നീ കേള്‍ക്കുന്നുണ്ടോയെന്ന് ഓരോ സ്ഫോടനത്തിനു ശേഷവും അവള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ നാലിന് കൂറ്റന്‍ പാറക്കല്ലുകള്‍ നിറഞ്ഞ് തകര്‍ന്നുകിടക്കുന്ന പൂന്തോട്ടത്തിനരികെ നില്‍ക്കുന്ന ഫോട്ടോ അവള്‍ പോസ്റ്റ് ചെയ്തു. അതിനടിയില്‍ ഇങ്ങനെ എഴുതി: ‘‘ബോംബുകള്‍ തകര്‍ത്ത ഞങ്ങളുടെ പൂന്തോട്ടമാണിത്. ഇതായിരുന്നു ഞങ്ങളുടെ കളിസ്ഥലം. ഇനിയെവിടെ പോയി കളിക്കും?’’
ഒക്ടോബര്‍ 14ന് സഹോദരങ്ങള്‍ക്കൊപ്പം നോട്ടുപുസ്തകവുമായി വീടിന്‍െറ തറയിലിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു. ‘‘യുദ്ധം മറക്കാന്‍ ഞങ്ങള്‍ എഴുതുന്നു’’-അവള്‍ കുറിച്ചു. നാലു ദിവസത്തിനു ശേഷം തകര്‍ന്നുകിടക്കുന്ന തെരുവിനു മധ്യത്തില്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തിനില്‍ക്കുന്ന ഒരു ഫോട്ടോ അവളുടെ അക്കൗണ്ടിലത്തെി. ഒപ്പം ഒരു കുറിപ്പും ‘‘ഞാന്‍ വളരെ സന്തോഷവതിയാണ്. മഴ പെയ്യുകയാണിവിടെ.’’ നവംബര്‍ 30ന് സന്ദേശം എഴുതിയത് അവളുടെ ഉമ്മയായിരുന്നു. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്കായിരുന്നു ആ സന്ദേശം. ‘‘കിഴക്കന്‍ അലപ്പോയില്‍ മറ്റു കുടുംബങ്ങളെപോലെ ഞങ്ങള്‍ നരകിക്കുകയാണ്. ഈ യുദ്ധഭൂമിയില്‍നിന്ന് കരകയറ്റാന്‍ എന്തെങ്കിലും സഹായം ചെയ്യുമോ?.
യുദ്ധം തുടങ്ങിയതു മുതല്‍ അവള്‍ സ്കൂളില്‍ പോയിട്ടില്ല. ഉമ്മയുടെ ഇംഗ്ളീഷ് പരിജ്ഞാനമാണ് ട്വിറ്റര്‍ കുറിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കുന്നത്. അധ്യാപികയാവാനാണ് ബന സ്വപ്നംകണ്ടത്.
ആക്രമണത്തില്‍ അവളുടെ രണ്ടു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടു. സൗരോര്‍ജമുപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന മൊബൈല്‍ ഫോണിലൂടെയാണ് അവളുടെ വിശേഷങ്ങളത്രയും. ഈ ട്വീറ്റുകള്‍ ആയിരങ്ങള്‍ റീട്വീറ്റ് ചെയ്തു. ‘ദൈവമേ ആ കുടുംബത്തിന് തുണയേകണേ’ - ഫ്രാന്‍സ്, സ്കോട്ലന്‍ഡ്, യു.എസ്, ആസ്ട്രേലിയ, പെറു എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെല്ലാം അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു.
ഞായറാഴ്ച ഓണ്‍ലൈനില്‍ ബനായെ കാണാതായതോടെ ആയിരക്കണക്കിന് ട്വിറ്റര്‍ അനുയായികള്‍ പേടിച്ചു. വേര്‍ ഈസ് ബന എന്ന ഹാഷ്ടാഗില്‍ സന്ദേശങ്ങളുടെ പ്രളയമായി പിന്നീട്. സൈന്യത്തിന്‍െറ ബോംബാക്രമണത്തില്‍ അവരുടെ വീട് തകര്‍ന്നതിനാല്‍ ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള വഴിതേടുകയായിരുന്നു ആ കുടുംബം. ആ ഓട്ടപ്പാച്ചിലിനിടെ അവളുടെ ട്വിറ്റര്‍ അക്കൗണ്ടും മരവിച്ചു.
ആശങ്കകള്‍ക്കവസാനം അവളുടെ ഉമ്മ ഫാത്തിമ വെടിയുണ്ടകള്‍ക്കിടയിലും തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ഏതു നിമിഷവും മരിച്ചുവീഴാമെന്നും പ്രാര്‍ഥിക്കണമെന്നും ട്വീറ്റ് ചെയ്തു. പിന്നീട് ബനയുടെ സന്ദേശവും പിറകെയത്തെി. ബോംബുകളില്‍നിന്ന് ആ കുടുംബം രക്ഷപ്പെടുമോ? എന്തായിരിക്കും ഈ കഥയുടെ അവസാനം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.