യു.എസ് ആയുധ കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യയിലേക്ക്
text_fieldsവാഷിങ്ടൺ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ യു.എസ് നടത്തിയ ആയുധ കയറ്റുമതിയുടെ പകുതിയും യുദ്ധം ഒഴിയാബാധയായി തുടരുന്ന പശ്ചിമേഷ്യയിലേക്ക്. 2013-17 കാലയളവിൽ ആഗോള ആയുധകയറ്റുമതിയിൽ 10 ശതമാനം വർധനയുണ്ടായപ്പോൾ യു.എസിെൻറ വർധന 25 ശതമാനമാണെന്നും സ്റ്റോക്ഹോം ഇൻറർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 98 രാജ്യങ്ങളിലേക്കാണ് യു.എസ് ആയുധങ്ങൾ കയറ്റി അയച്ചത്. ഏറ്റവും കൂടുതൽ സൗദി അറേബ്യയിലേക്കാണ്. ആഗോള ആയുധ കയറ്റുമതിയുടെ മൂന്നിലൊന്നും നടത്തുന്നത് യു.എസാണെന്നും റിപ്പോർട്ട് പറയുന്നു. രണ്ടാം സ്ഥാനത്തുള്ള റഷ്യയുടെ കയറ്റുമതി സമാന കാലയളവിൽ 7.1 ശതമാനം കുറവ് രേഖപ്പെടുത്തി. റഷ്യയെക്കാൾ അമേരിക്കയുടെ വിഹിതം 58 ശതമാനം കൂടുതലാണ്.
ഫ്രാൻസ്, ജർമനി, ചൈന, ബ്രിട്ടൻ എന്നിവ പിറകിലുണ്ട്. യു.എസ് സാമ്പത്തികസഹായത്തോടെ പശ്ചിമേഷ്യയിൽ വൻസാന്നിധ്യമായി തുടരുന്ന ഇസ്രായേൽ ആയുധ കയറ്റുമതിയിൽ എട്ടാം സ്ഥാനത്താണ്. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവർ.
1990കൾക്കുശേഷം അമേരിക്കയുടെ ആയുധ കയറ്റുമതിയിൽ രേഖപ്പെടുത്തിയ വൻവർധനയാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സംഘടനയുടെ ഡയറക്ടർ ഡോ. ഒാഡി ഫ്ല്യൂറൻറ് പറഞ്ഞു. 2011ലെ മുല്ലപ്പൂ വിപ്ലവത്തോടെ സംഘർഷം കൂടുതൽ രൂക്ഷമായ പശ്ചിമേഷ്യയിലേക്കാണ് മൊത്തം ആയുധ ഇറക്കുമതിയുടെ 32 ശതമാനവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവിടെയെത്തിയ ആയുധങ്ങൾ ഇരട്ടിയായി. യു.എസിനു പുറമെ യു.കെ, ഫ്രാൻസ് എന്നിവയാണ് ഇവ നൽകിയതെങ്കിൽ സൗദി അറേബ്യ, ഇൗജിപ്ത്, യു.എ.ഇ എന്നിവയാണ് പ്രധാനമായി കൈപ്പറ്റിയത്. ബ്രിട്ടൻ നടത്തുന്ന ആയുധ കയറ്റുമതിയുടെ പകുതിയോളം സൗദിയിലേക്കാണ്. യമനിൽ ഹൂതിവിരുദ്ധ നീക്കവുമായി സൗദി സഖ്യസേന സജീവമായതോടെയാണ് ആയുധ ഇറക്കുമതിയും കൂടിയത്. 78 യുദ്ധവിമാനങ്ങൾ, യുദ്ധത്തിലുപയോഗിക്കുന്ന 72 ഹെലികോപ്ടറുകൾ, 328 ടാങ്കുകൾ എന്നിവ സൗദി സ്വന്തമാക്കിയിട്ടുണ്ട്.
മേഖലയിലെ അസന്തുലിതത്വങ്ങളുടെയും സംഘട്ടനങ്ങളുടെയും പ്രധാന ഹേതുവായി കണക്കാക്കുന്ന ഇറാനാകെട്ട, പട്ടികയിൽ ഏറെ പിറകിലാണ്.
മേഖലയിൽ എത്തുന്ന ഒരു ശതമാനം ആയുധങ്ങൾ മാത്രമാണ് ഇറാനുവേണ്ടിയുള്ളത്. കടുത്ത ഉപരോധം നിലനിൽക്കുന്നതിനാൽ ആയുധങ്ങൾ വാങ്ങാനുള്ള തടസ്സവും അവരെ പിറകിലാക്കുന്നു.
ഇസ്രായേലിെൻറ ആയുധ ഇറക്കുമതിയിൽ 125 ശതമാനമാണ് വർധന. ഇവയിലേറെയും എത്തുന്നത് യു.എസ്, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ്.
ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യക്ക് ആയുധങ്ങളിലേറെയും റഷ്യയിൽനിന്നാണ്. ഇൗജിപ്ത്, യു.എ.ഇ, ചൈന എന്നിവയും ആയുധ ഇറക്കുമതിയിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.