യു.എസിൽ കോവിഡ് ഭേദമായ ആൾക്ക് ആശുപത്രി ബിൽ 8.35 കോടി രൂപ
text_fieldsവാഷിങ്ടൺ: യു.എസിൽ കോവിഡ് ഭേദമായ ആൾക്ക് ലഭിച്ച ആശുപത്രി ബിൽ കണ്ടാൽ ആരുമൊന്ന് ഞെട്ടും. 11 ലക്ഷം ഡോളറാണ് (ഏകദേശം 8.35 കോടി രൂപ) മൈക്കേൽ ഫ്ലോർ എന്ന 70കാരന് ആശുപത്രിയിൽനിന്ന് ബില്ല് ലഭിച്ചത്.
കഴിഞ്ഞ മാർച്ച് നാലിനാണ് മൈക്കേൽ ഫ്ലോർ കോവിഡ് ബാധിതനായി ആശുപത്രിയിൽ അഡ്മിറ്റായത്. 62 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്ന ഫ്ലോർ മരണത്തിന്‍റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
മേയ് അഞ്ചിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായ ഫ്ലോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഐ.സി.യു ചാർജായി ദിവസവും 9736 ഡോളർ വീതമാണ് (7.12 ലക്ഷം) ഈടാക്കിയിരിക്കുന്നത്. 29 ദിവസത്തെ വെന്‍റിലേറ്ററിന് 82,000 ഡോളറും രോഗനിർണയത്തിന് ഒരു ലക്ഷത്തോളം ഡോളറുമാണ് ഈടാക്കിയിരിക്കുന്നത്.
അതേസമയം, രോഗിക്ക് മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ പരിരക്ഷ പദ്ധതി ഉണ്ടായിരുന്നിനാൽ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടിവന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ആരോഗ്യപരിരക്ഷക്ക് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്. എന്നാൽ ചികിത്സയുടെ സാമൂഹികവത്കരണം എന്ന ആവശ്യം ഏറെ അകലെയാണ്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കാണ് ചികിത്സാ ആനുകൂല്യങ്ങൾ കൂടുതലും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.