യു.എസ് സെനറ്റിൽ ഒത്തുതീർപ്പായില്ല; സർക്കാർ സേവനങ്ങൾ സ്തംഭിച്ചു
text_fieldsവാഷിങ്ടൺ: ധനബിൽ പാസാകാത്തതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ഞായറാഴ്ചയും പരാജയപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച യു.എസിെല വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനം നിലച്ചു. ഒത്തുതീർപ്പിലെത്തി ബിൽ പാസാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ തീരുമാനിച്ച വോെട്ടടുപ്പ് നടന്നില്ല. ഇത് കൂടുതൽ ചർച്ചകൾക്കുശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന സെനറ്റ് യോഗത്തിൽ കുടിയേറ്റ വിഷയത്തിലാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും തമ്മിൽ പ്രധാനമായും അഭിപ്രായ വ്യത്യാസമുണ്ടായത്.
പ്രതിസന്ധി കാരണം പ്രവൃത്തി വാരത്തിലെ ആദ്യ ദിവസമായ തിങ്കളാഴ്ച ആയിരക്കണക്കിന് വരുന്ന യു.എസ് ഫെഡറൽ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല. ലക്ഷക്കണക്കിന് വരുന്ന ഇവർക്ക് ശമ്പളം ലഭിക്കാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ അവശ്യ സേവനങ്ങളെ പ്രതിസന്ധി ബാധിക്കുന്നില്ല. എന്നാൽ, രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും മ്യൂസിയങ്ങളും അടഞ്ഞുകിടക്കുകയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളെത്തുന്ന ‘സ്വാതന്ത്ര്യ പ്രതിമ’യടക്കം കഴിഞ്ഞദിവസം തുറന്നുനൽകിയില്ല. എന്നാൽ ‘സ്വാതന്ത്ര്യ പ്രതിമ’ തുറന്നുനൽകാൻ നടപടി സ്വീകരിക്കുമെന്ന് ന്യൂയോർക് ഗവർണർ അറിയിച്ചു.
അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ ‘ന്യൂക്ലിയർ ഒാപ്ഷൻ’ സ്വീകരിക്കണമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിൽ പാസാകാൻ സെനറ്റ് അംഗങ്ങളിലെ 60 പേരുടെ പിന്തുണ വേണമെന്ന നിയമത്തെ മാറ്റുന്ന രീതിയാണിത്. ഇത് തിരഞ്ഞെടുത്താൽ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ പാസാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, സെനറ്റ് ഭൂരിപക്ഷ അംഗങ്ങളുടെ നേതാവ് മിച്ച് മക്കേണൽ ഇത് അംഗീകരിക്കുന്നില്ലെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൗ രീതി സ്വീകരിച്ചാലും 51 വോട്ടുകൾ റിപ്പബ്ലിക്കൻസ് നേടേണ്ടിവരും. ഇത് ലഭിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്.
അവസാനമായി 2013ലാണ് സമാനമായ രീതിയിൽ സർക്കാർ സ്തംഭിച്ച അവസ്ഥ അമേരിക്കയിലുണ്ടായത്. 16 ദിവസത്തിന് ശേഷമാണ് അന്ന് പ്രതിസന്ധി നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.