ധനബിൽ പാസാക്കാനായില്ല; അേമരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്
text_fieldsവാഷിങ്ടൺ: സെനറ്റിൽ ധനബിൽ പാസാകാത്തതിനെതുടർന്ന് അമേരിക്കയിൽ വൻ സാമ്പത്തിക പ്രതിസന്ധി. ഭരണകൂടത്തിെൻറ പ്രവർത്തനം നിശ്ചലമായി. ഫെബ്രുവരി 16 വരെ ഒരുമാസത്തേക്ക് സർക്കാറിെൻറയും ഫെഡറൽ വകുപ്പുകളുടെയും മറ്റും പ്രവർത്തനചെലവിന് ആവശ്യമായ പണമാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലെ വടംവലിയിൽ പാസാകാതിരുന്നത്. ആഭ്യന്തര സുരക്ഷ, എഫ്.ബി.െഎ തുടങ്ങിയ അടിയന്തര സർവിസുകളുടെ പ്രവർത്തനത്തിന് ആവശ്യമായ പണമാണ് മുടങ്ങിയത്.
പ്രവർത്തനം സ്തംഭിച്ചതോടെ സർക്കാർ വകുപ്പുകൾ ഫലത്തിൽ അടച്ചുപൂട്ടി. ‘ഷട്ട് ഡൗൺ’ എന്നാണ് ഇതറിയപ്പെടുന്നത്. സർക്കാറിെൻറയും ഏജൻസികളുടെയും പ്രവർത്തനത്തിനാവശ്യമായ ധനബിൽ സെനറ്റിൽ പാസാകാതിരിക്കുമ്പോഴാണ് ‘ഷട്ട് ഡൗൺ’ വേണ്ടിവരുന്നത്. പ്രതിസന്ധി നീണ്ടാൽ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങും. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി ഒരുവർഷം തികയുേമ്പാഴുണ്ടായ കടുത്ത പ്രതിസന്ധി അമേരിക്കക്ക് ആേഗാളതലത്തിൽ തിരിച്ചടിയായി.
ധനബിൽ പാസാക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിൽ പലതവണ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമചർച്ചയും വിജയിച്ചില്ല. അതിർത്തിസുരക്ഷ സംബന്ധിച്ച് ഇരുഭാഗത്തെയും സെനറ്റർമാർ തമ്മിലെ അഭിപ്രായഭിന്നതയാണ് പ്രധാന കാരണം. ഇതേതുടർന്ന് കഴിഞ്ഞദിവസം രാത്രി വൈകി നടന്ന സെനറ്റ് സമ്മേളനത്തിൽ ധനബിൽ പാസാക്കുന്നത് ഡെമോക്രാറ്റുകൾ എതിർക്കുകയായിരുന്നു. 100 അംഗ സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ടാണ് വേണ്ടത്. 50 പേരുടെ പിന്തുണ നേടാനേ ട്രംപ് ഭരണകൂടത്തിന് സാധിച്ചുള്ളൂ.
കുടിയേറ്റക്കാരുടെ മക്കള്‍ക്ക് സംരക്ഷണം നൽകുന്ന പദ്ധതി ബജറ്റില്‍ ഉൾപ്പെടുത്തണമെന്ന് നേരേത്ത ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. മതിയായ രേഖകളില്ലാത്ത ഏഴുലക്ഷത്തോളം പേരെ നാടുകടത്താനുള്ള നീക്കമാണ് ഇവർ എതിർക്കുന്നത്. നാടുകടത്തൽ ഭീഷണി നേരിടുന്നവർ ‘ഡ്രീമേഴ്സ്’ എന്നാണറിയപ്പെടുന്നത്. ഇൗ ആവശ്യം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറാകാത്തതാണ് സെനറ്റിലെ കടുത്തഭിന്നതക്ക് കാരണം. പ്രവർത്തനം സാധാരണ നിലയിലാകുന്നതുവരെ കുടിയേറ്റവിഷയം പരിഗണിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി നടന്ന ചർച്ച വിജയിക്കാത്തതിനാൽ ധനബിൽ പരാജയപ്പെടുകയും ശനിയാഴ്ച രാവിെല മുതൽ സർക്കാർ ‘ഷട്ട് ഡൗൺ’ ആരംഭിക്കുകയുമായിരുന്നു. ‘ഇൗ രാത്രി അവർ നമ്മുടെ ദേശസുരക്ഷ, സൈന്യം, കുടുംബങ്ങൾ എന്നിവക്കുമേൽ രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു’വെന്നാണ് പ്രതിസന്ധിയെക്കുറിച്ച് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞത്. ധനബിൽ പാസാകുകയോ പകരം സംവിധാനമുണ്ടാവുകയോ ചെയ്യുന്നതുവരെ രാജ്യത്തെ നൂറുകണക്കിന് ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം അവതാളത്തിലാകും. ജോലിസ്ഥലത്ത് അനിവാര്യമല്ലാത്ത ഫെഡറൽ ജീവനക്കാരോട് താൽക്കാലികമായി ഹാജരാകേണ്ടെന്ന് നിർദേശിച്ചു. ഇവർക്ക് ശമ്പളം ലഭിക്കില്ല.
ധനബിൽ പാസാകാത്തതിനാൽ അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത് അഞ്ച് വർഷത്തിനിടെ രണ്ടാം തവണയാണ്. 2013-ല്‍ ഒബാമ സര്‍ക്കാറിെൻറ കാലത്താണ് ഇതിനുമുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് 16 ദിവസത്തോളം സര്‍ക്കാറിെൻറ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞതവണ പ്രതിസന്ധി കാരണം ദേശീയ ഉദ്യാനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയതോടെ വന്‍ജനരോഷമാണ് ഉണ്ടായത്. രണ്ടാഴ്ചത്തേക്ക് എട്ടരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.