ഭീകരസംഘടനകളിലേക്കുള്ള പണമൊഴുക്ക് യു.എസും ആറ് ഗൾഫ് രാജ്യങ്ങളും ധാരണയിലെത്തി
text_fieldsവാഷിങ്ടൺ: ഭീകരസംഘടനകളിലേക്ക് പണമെത്തുന്നത് തടയാൻ കൈകോർത്ത് യു.എസും ആറ് ഗൾഫ് രാജ്യങ്ങളും. സംഭവവുമായി ബന്ധപ്പെട്ട് റിയാദിൽ ചേർന്ന യോഗത്തിൽ യു.എസും ഗൾഫ് കോഒാപറേഷൻ കൗൺസിലിലെ ആറംഗങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൗദി സന്ദർശനത്തിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളാണ് യു.എസുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.
ലശ്കറെ ത്വയ്യിബ, ഹഖാനി ശൃംഖല, താലിബാൻ, െഎ.എസ്, അൽഖാഇദ, ഹിസ്ബുല്ല എന്നീ ഭീകരസംഘടനകളിലേക്ക് പണമൊഴുകുന്നതും പുതിയ ഭീകരസംഘടനകൾ ഉടലെടുക്കുന്നതും തടയുകയാണ് ടെററിസ്റ്റ് ഫിനാൻസിങ് ടാർഗറ്റിങ് സെൻറർ (ടി.എഫ്.ടി.സി) സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പണമെത്തുന്നത് എവിടെനിന്നാണെന്ന് കണ്ടെത്തുകയും പിന്തുടരുകയും വിവരം കൈമാറുകയും ചെയ്യും.
ഇറാൻ, സിറിയ, യമൻ ഉൾപ്പെടെ പശ്ചിമേഷ്യയിലുടനീളം ഉയർന്നുവരുന്ന രാജ്യാന്തര ഭീഷണികളെയും അഭിസംബോധന ചെയ്യും. പുതുതായി ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ നിലവിലുള്ള പ്രവർത്തനങ്ങളും സഹകരണവും ശക്തിെപ്പടുത്തും. പുതിയ പദ്ധതിക്കായി ട്രഷറി വകുപ്പ് തങ്ങളുടെ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻറലിജൻസ് ഒാഫിസിെൻറ വിപുലമായ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും ട്രഷറി സെക്രട്ടറി സ്റ്റീഫൻ ടി. നുച്ചിൻ പറഞ്ഞു.
ഇന്ത്യയിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ ലശ്കറെ ത്വയ്യിബയടക്കമുള്ള ലോകത്തെ ഭീകരസംഘടനകളിലേക്ക് ഏറ്റവും കൂടുതൽ പണമെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. എന്നാൽ, പദ്ധതി പ്രാദേശിക ഉടമ്പടി മാത്രമാണെന്നും പ്രതിജ്ഞയല്ലെന്നും ട്രഷറി ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.