യു.എൻ പൊതുസഭയിൽ യു.എസ്-ഇറാൻ വാക്പോര്
text_fieldsന്യൂയോർക്: ആണവ കരാർ റദ്ദാക്കിയതിനെ തുടർന്ന് ആരംഭിച്ച ഇറാൻ-യു.എസ് വാക്യുദ്ധം യു.എൻ പൊതുസഭയിലും. ലോക തീവ്രവാദത്തിെൻറ സ്പോൺസർമാരാണ് ഇറാനെന്ന് ആരോപിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് പോരിന് തുടക്കമിട്ടത്. ആണവ മിസൈലുകൾ നിർമിക്കുകയും സിറിയയിലും യമനിലും പ്രശ്നങ്ങളുണ്ടാക്കുകയും ആഭ്യന്തര വിേയാജിപ്പുകളെ അടിച്ചൊതുക്കുകയുമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു.
അതിനാൽ ലോകരാജ്യങ്ങൾ ഇറാനെ ഒറ്റപ്പെടുത്താൻ സന്നദ്ധമാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ഇതിന് മറുപടിയെന്നോണം ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി യു.എസിെൻറ നടപടികൾ ‘സാമ്പത്തിക ഭീകരത’യാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര സന്ധികളും മൂല്യങ്ങളും പരിഗണിക്കാതെയുള്ള ചില നേതാക്കളുടെ നടപടികൾ ലോകസുരക്ഷയെ അപകടത്തിലാക്കുകയാണെന്നും റൂഹാനി ട്രംപിെൻറ പേരെടുത്ത് പറയാതെ ആരോപിച്ചു.
ഇരുനേതാക്കളുടെയും സംസാരത്തിനുശേഷം യു.എൻ പൊതുസഭയെ അഭിമുഖീകരിച്ച യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾടൺ ഇറാനെതിരെ ശക്തമായ വെല്ലുവിളിയും നടത്തി. യു.എസിനും സഖ്യരാജ്യങ്ങൾക്കും പ്രശ്നം സൃഷ്ടിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് ബോൾടൺ പറഞ്ഞു. ഇറാൻ ആണവകരാർ അമേരിക്കയുടെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും പിഴച്ച ഇടപാടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും നേതൃത്വം യു.എന്നിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരേത്ത അഭ്യൂഹമുണ്ടായിരുന്നു. ട്രംപ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് തയാറാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ആണവകരാറിൽനിന്ന് പിന്മാറിയ നടപടി പിൻവലിക്കാതെ യു.എസുമായി ചർച്ചക്കില്ലെന്ന് റൂഹാനി വ്യക്തമാക്കി. 2015ൽ നിലവിൽവന്ന ആണവകരാറിൽനിന്ന് കഴിഞ്ഞ േമയിലാണ് ട്രംപ് ഭരണകൂടം പിന്മാറിയത്. യൂറോപ്യൻ രാജ്യങ്ങളുടെ അടക്കം അതൃപ്തിക്കിടെയാണ് കരാറിൽനിന്ന് പിന്മാറ്റമുണ്ടായത്.
അതിനിടെ, യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി വ്യാപാരം തുടരാനുള്ള വഴികൾ യൂറോപ്യൻ രാജ്യങ്ങളുടെ ആലോചനയിലുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ യു.എൻ പൊതുസഭക്കിടെ നടക്കുകയാണ്. യൂറോപ്യൻ യൂനിയെൻറ ഇൗ നീക്കത്തിനെതിരെ യു.എസ് രംഗത്തെത്തിയിട്ടുണ്ട്. ഇൗ നീക്കം വിപരീതഫലമുണ്ടാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു.
യു.എന്നിൽ ചിരിപടർത്തി ട്രംപിെൻറ ‘തള്ള്’
യു.എൻ പൊതുസഭയിൽ സംസാരിക്കവെ തെൻറ ഭരണത്തെ കുറിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം സദസ്സിൽ ചിരിപടർത്തി. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഒരു ഭരണകൂടവും കൈവരിക്കാത്ത നേട്ടമാണ് തെൻറകീഴിൽ രണ്ട് വർഷം നേടിയതെന്നായിരുന്നു ട്രംപിെൻറ വാക്കുകൾ.
ഇതുപറഞ്ഞ് തീർന്നതും ലോകനേതാക്കളടങ്ങുന്ന സദസ്സ് കൂട്ടത്തോടെ ചിരിച്ചു. ഒരുനിമിഷം സ്തംഭിച്ച പ്രസിഡൻറ് ‘ഇൗ പ്രതികരണം പ്രതീക്ഷിച്ചില്ല, എങ്കിലും കുഴപ്പമില്ല’ എന്നുപറഞ്ഞ് സംസാരം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.