യു.എസ് തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ഡെമോക്രാറ്റ്; സെനറ്റിൽ റിപ്പബ്ലിക്കൻസ് നിലനിർത്തി
text_fieldsവാഷിങ്ടൺ: ലോകം ആകാംക്ഷയോടെ നിരീക്ഷിച്ച, വീറും വാശിയും നിറഞ്ഞ യു.എ സ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി. രണ്ടുവർഷം പിന്നിട്ട ട്രംപ് ഭരണത്തിെൻറ വിലയിരുത്തലെന്ന് കരുതപ്പെടുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറിെൻറ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ മേൽക്കൈ നിലനിർത്തിയെങ്കിലും ജനപ്രതിനിധിസഭയിൽ എതിരാളികളായ ഡെമോക്രാറ്റുകൾ മുന്നിലെത്തി.
മുഴുവൻ സീറ്റിലും മത്സരം നടന്ന ജനപ്രതിനിധിസഭയിൽ വൻ മുന്നേറ്റമാണ് ഡെമോക്രാറ്റുകൾ നടത്തിയത്. അവസാനം പുറത്തുവന്ന ഫലമനുസരിച്ച് 435 അംഗസഭയിൽ 219 സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിനുവേണ്ട 218 അംഗസംഖ്യ കടന്നതോടെ പൊതുസഭ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാകുമെന്ന് ഉറപ്പായി. സഭയിൽ റിപ്പബ്ലിക്കൻസിന് 235ഉം ഡെമോക്രാറ്റ്സിന് 193ഉം സീറ്റുകളാണുണ്ടായിരുന്നത്.
100 അംഗ സെനറ്റിൽ തെരഞ്ഞെടുപ്പ് നടന്ന 35 സീറ്റിൽ രണ്ടെണ്ണം റിപ്പബ്ലിക്കൻ പാർട്ടി അധികമായി നേടി. അവസാനഫലം പുറത്തുവരാനിരിക്കെ സെനറ്റിൽ 51സീറ്റുകൾ റിപ്പബ്ലിക്കൻസിനും 45 സീറ്റുകൾ ഡെമോക്രാറ്റ്സിനുെമന്നതാണ് നില. തെരഞ്ഞെടുപ്പ് നടന്ന വിവിധ യു.എസ് സംസ്ഥാന ഗവർണർ സ്ഥാനങ്ങളിൽ ഏഴെണ്ണം ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻസിൽനിന്ന് പിടിച്ചെടുത്തു. ആകെ ഗവർണർമാരിൽ 22 പേർ ഡെമോക്രാറ്റുകളും 25 പേർ റിപ്പബ്ലിക്കൻസുമാണ് ഇപ്പോഴത്തെ നില. ഡെമോക്രാറ്റുകൾ പ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടിയതോടെ 2007-11 കാലത്ത് സ്പീക്കറായിരുന്ന നാൻസി പെലോസി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
വൈവിധ്യങ്ങളുടെ വിജയം
കുടിയേറ്റവും വംശീയതയും ഉച്ചത്തിൽ ചർച്ചയായ തെരഞ്ഞെടുപ്പിൽ അമേരിക്കൻ ജനതയിലെ വൈവിധ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നേടാനായി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് വനിത സ്ഥാനാർഥികൾ നേടിയത്. 31പുതുമുഖങ്ങളടക്കം 96 വനിതകൾ ജനപ്രതിനിധിസഭയിലെത്തിയപ്പോൾ 11പേർ സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി മുസ്ലിം രണ്ടു വനിതകളും സഭയിലെത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. റാശിദ താലിബും ഇൽഹാൻ ഉമറുമാണ് ഇവർ. സ്വവർഗാനുരാഗിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ജാരദ് പോളിസ് കൊളറാഡോ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രമായി.
ന്യൂനപക്ഷ-സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിന് അമേരിക്കൻ ജനം നൽകിയ തിരിച്ചടിയായാണ് ഇൗ ജയങ്ങൾ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ മുന്നിൽനിന്ന് നയിച്ച പ്രസിഡൻറ് ട്രംപിെൻറ ഫലം സംബന്ധിച്ച ആദ്യ പ്രതികരണം ‘ഇൗ രാവിൽ നാം മികച്ച വിജയം നേടിയിരിക്കുന്നു. എല്ലാവർക്കും നന്ദി’ എന്നായിരുന്നു. സെനറ്റിലെ നില മെച്ചപ്പെടുത്തി എന്ന അർഥത്തിൽ ഇതിൽ തെറ്റില്ല. എന്നാൽ, പ്രതിനിധി സഭയിലെ തോൽവി സംബന്ധിച്ച് പ്രസിഡൻറ് പ്രതികരിച്ചിട്ടില്ല. അതേസമയം, നാളെ അമേരിക്കക്ക് പുതിയ ദിനമായിരിക്കുമെന്നായിരുന്നു ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.