മിനസോട്ട ഇസ് ലാമിക് സെന്‍റർ ആക്രമണം അപലപനീയം -മുഹമ്മദ് ഉമര്‍
text_fieldsബ്ലൂമിങ്ടണ്‍ (മിനസോട്ട): ആഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ മിനസോട്ട ബ്ലൂമിങ്ടണിൽ ദാര്‍ അല്‍ ഫാറൂഖ് ഇസ് ലാമിക് സെന്‍ററിലുണ്ടായ ബോംബ് സ്‌ഫോടനത്തെ മോസ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ അപലപിച്ചു. മുസ്‌ലിംകള്‍ക്കു നേരേ രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്ന് മുഹമ്മദ് ഉമര്‍ വ്യക്തമാക്കി.
മുസ് ലിംപള്ളിയിൽ നടന്ന സ്‌ഫോടനം മനുഷ്യത്വ രഹിതമാണ്. രാവിലെ പ്രാർഥനക്കെത്തിയവര്‍ അത്ഭുതകരമായി രക്ഷപെട്ടെന്നും ഉമര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ഇസ് ലാമിക് സെന്‍ററിൽ സ്‌ഫോടനം നടന്നത്. കറുത്ത പുകയും ആളിപ്പടരുന്ന അഗ്‌നിയും പരിസരമാകെ ഭയാനകമാക്കിയതായി ലോ എന്‍ഫോഴ്‌സ്‌മെന്‍റ് അധികൃതര്‍ പറഞ്ഞു. മുസ് ലിംപള്ളിയില്‍ പൊട്ടിത്തെറിക്ക് ഉപയോഗിച്ചത് ഐ.ഇ.ഡി ആണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, സംഭവത്തെ വംശീയാക്രമണമായി കാണാന്‍ കഴിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം അധികൃതര്‍ വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായാലേ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കന്‍ ജനസംഖ്യയില്‍ നിലവില്‍ ഒരു ശതമാനം (3.35 മില്യന്‍) മുസ് ലിംകളാണുള്ളത്. ഇവര്‍ അതിവേഗത്തില്‍ വളരുന്ന മത ന്യൂനപക്ഷ വിഭാഗമാണെന്ന് പാം റിസര്‍ച്ച് സെന്‍ററിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.