യു.എസിൽ തോക്ക് വാങ്ങുന്നതിന് സാഹചര്യ പരിശോധന കർശനമാക്കും
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലെ സ്കൂളിൽ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിനെ തുടർന്ന് തോക്ക് വാങ്ങാൻ വരുന്നവരുടെ സാഹചര്യം പരിശോധിക്കാൻ ഭരണകൂട തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
കാമുകിയുമായുണ്ടായ പ്രശ്നത്തിന്റെ പേരിൽ ഫ്ലോറിഡയിലെ പാർക്ക്ലാൻഡിലുള്ള മർജൊറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നിന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ വിദ്യാർഥി നടത്തിയ വെടിവെപ്പിലാണ് കുട്ടികളടക്കം 17 പേർ മരിച്ചത്. ഇന്ത്യൻ വംശജനായ വിദ്യാർഥി ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് തോക്കുനിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഭരണകൂടം ചർച്ച ചെയ്യുന്നത്.
2012ൽ കണേറ്റിക്കട്ടിലെ വിദ്യാലയത്തിൽ നടന്ന വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പ് യു.എസിൽ ഒരു സ്കൂളിലുണ്ടായ വൻ വെടിവെപ്പ്. രാജ്യത്ത് കര്‍ശനമായ തോക്കുനിയമം കൊണ്ടു വരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് അമേരിക്കക്കാരുമെന്ന് മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവെയില്‍ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരും എ.ആര്‍-15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.