Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്ഹൗസിലേക്ക് ലോകം...

വൈറ്റ്ഹൗസിലേക്ക് ലോകം പ്രതീക്ഷിക്കുന്നത്

text_fields
bookmark_border
വൈറ്റ്ഹൗസിലേക്ക് ലോകം പ്രതീക്ഷിക്കുന്നത്
cancel

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനോ? റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപോ? ആരാവും വൈറ്റ്ഹൗസിന്‍െറ സാരഥിയാവുക. സര്‍വേ ഫലങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന ട്രംപ്, ഹിലരിയുടെ ഒപ്പം എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങള്‍ ഏറ്റവുംകൂടുതല്‍ അനുകൂലിക്കുന്നത് ആരെയാവുമെന്നറിയാന്‍ ഗാര്‍ഡിയന്‍ പത്രം നടത്തിയ അന്വേഷണത്തിന്‍െറ പ്രസക്ത ഭാഗം.

മെക്സികോ
മത്സരത്തിന്‍െറ തുടക്കം മുതല്‍ ട്രംപിന്‍െറ പ്രധാന പ്രചാരണായുധമാണ് മെക്സികോ. മെക്സികോയില്‍നിന്ന് യു.എസിലേക്ക് ധാരാളം യുവാക്കള്‍ കുടിയേറിപ്പാര്‍ത്ത് അമേരിക്കന്‍ ജനതയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നാണ് പ്രധാന അപവാദങ്ങളിലൊന്ന്. അതിനാല്‍ കുടിയേറ്റക്കാരെ തടയാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുമെന്ന് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല, വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ട്രംപ് പൊളിച്ചെഴുതും. അതോടെ മെക്സിക്കന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ തിരസ്കരിക്കപ്പെടും. 25 വര്‍ഷമായി യു.എസുമായി തുടരുന്ന അടുത്ത ബന്ധമാണ് തകരുക. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍പോലും  പ്രസിഡന്‍റ് എന്‍റികെ പെനക്ക് ട്രംപിന്‍െറ മെക്സിക്കന്‍ വിരുദ്ധ പ്രസ്താവനകള്‍ക്ക് ഉചിത മറുപടി നല്‍കാനായില്ല. തെരഞ്ഞെടുപ്പ് ഫലം രണ്ടു തവണ എതിരായിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന മെക്സിക്കന്‍ രാഷ്ട്രീയ നേതാവ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോറിനോടാണ് ട്രംപിനെ താരതമ്യപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയം.

ഇറാന്‍
ഇറാനെ സംബന്ധിച്ച് ഒരു കാര്യം തീര്‍ച്ചയാണ്; ഹിലരിയോ ട്രംപോ ആരുതന്നെ വന്നാലും വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. എന്നാല്‍, യു.എസ് തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ഹിലരി ട്രംപിനെ അടിയറവ് പറയിപ്പിക്കുന്നത് ടെലിവിഷനില്‍ കാണുമ്പോള്‍ ഇറാനികള്‍ സന്തോഷിക്കുന്നു.  എന്നാല്‍ ബറാക് ഒബാമയുടെ കീഴില്‍ വിദേശ സെക്രട്ടറിയായിരുന്ന ഇതേ ഹിലരിയാണ് ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളുടെ ഉപജ്ഞാതാവ്.  
2008ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇറാനെതിരെ ഹിലരിയുടെ വിവാദ പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിലരിയുമായി നടത്തിയ അഭിമുഖത്തിന്‍െറ ഭാഗങ്ങള്‍ എ.ബി.സി ന്യൂസാണ് സാമൂഹികമാധ്യമങ്ങള്‍ക്ക് നല്‍കിയത്. ‘‘ഇറാന്‍ ജനത അറിയേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്ക ഇറാനെ ആക്രമിക്കും. അവരെ വേരോടെ പിഴുതെറിയാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്’’ -ഇതായിരുന്നു അന്നത്തെ ഹിലരി.

റഷ്യ
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തലിന്‍െറ കാരണക്കാര്‍ എന്ന ആരോപണത്തോടെയാണ് റഷ്യ അപ്രതീക്ഷിതമായി യു.എസ് തെരഞ്ഞെടുപ്പിന്‍െറ മുഖ്യധാരയിലേക്കത്തെിയത്. ഡൊണാള്‍ഡ് ട്രംപിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ ഹിറ്റ്ലിസ്റ്റിലാണ് ഹിലരി ക്ളിന്‍റന്‍. ഹിലരി വിദേശകാര്യ സെക്രട്ടറിയായിരിക്കുന്ന കാലത്തുണ്ടായ ഇരുവരും തമ്മിലുണ്ടായ ഇഷ്ടക്കേടുകളാണ് പുടിന്‍ ഇപ്പോഴും മനസ്സില്‍ പേറുന്നത്. ട്രംപ് അധികാരത്തില്‍ വരുന്നതാണ് റഷ്യക്ക് ഏറെ പഥ്യവും. എന്നാല്‍, ആരു ഭരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ളെന്ന് വിലയിരുത്തുന്ന സാധാരണക്കാരും റഷ്യയിലുണ്ട്. ഏറ്റവും പുതിയ സര്‍വേയില്‍ 22 ശതമാനം ട്രംപ് പ്രസിഡന്‍റാകുന്നതിനെ പിന്തുണക്കുമ്പോള്‍ ഹിലരിയെ എട്ടു ശതമാനമാണ് അനുകൂലിച്ചത്. ട്രംപിനെക്കുറിച്ചുള്ള പുടിന്‍െറ വീമ്പുപറച്ചില്‍ കേട്ടതു മുതല്‍ ചില റഷ്യക്കാരെങ്കിലും മാറിച്ചിന്തിച്ചിട്ടുണ്ടെന്നതിന്‍െറ തെളിവാണിത്.

ചൈന
യു.എസ് തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതിനെ ചൊല്ലി ചൈനക്കാരോട് അഭിപ്രായ സര്‍വേ നടത്താനൊന്നും നേതാക്കള്‍ മുതിരില്ല. കഴിഞ്ഞ മാസം ഒരു റിസര്‍ച് സെന്‍റര്‍ നടത്തിയ സര്‍വേയില്‍ കൂടുതല്‍ ചൈനക്കാരും ആഗ്രഹിക്കുന്നത് ഹിലരി അധികാരത്തിലത്തൊനാണെന്നു കണ്ടത്തെി. ഹിലരിക്ക് 37ഉം ട്രംപിന് 22ഉം ശതമാനത്തിന്‍െറ പിന്തുണയാണ് ലഭിച്ചത്. ആഗോളതാപനം ചൈനീസ് തന്ത്രമാണെന്ന ട്രംപിന്‍െറ വാക്കുകളാണ് അഭിപ്രായ സര്‍വേയില്‍ ജനഹിതം എതിരാക്കിയത്. 1995ല്‍ ബെയ്ജിങ്ങില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍വെച്ചായിരുന്നു മനുഷ്യാവകാശമെന്നാല്‍ സ്ത്രീകളുടെ അവകാശമാണ്, സ്ത്രീകളുടെ അവകാശം മനുഷ്യാവകാശമാണെന്ന് ഹിലരി പ്രഖ്യാപിച്ചത്. ചൈനയിലെ സ്ത്രീപക്ഷ ചിന്തകര്‍ അത് അത്ര പെട്ടെന്നൊന്നും മറക്കില്ല.

കാനഡ
ഏറ്റവും വലിയ വ്യാപാരപങ്കാളിയായതിനാല്‍ യു.എസ് തെരഞ്ഞെടുപ്പിലെ ഓരോ ചലനവും ഉറ്റുനോക്കുകയാണ് കാനഡ. 2014ല്‍ കാനഡയുടെ 60 ശതമാനം വ്യാപാരവും യു.എസുമായിട്ടാണ്. വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള നാഫ്ത കരാര്‍ ചരിത്രത്തിലെ ഏറ്റവും മോശമായ വ്യവസ്ഥയാണെന്നാണ് ട്രംപിന്‍െറ പരാമര്‍ശം. ട്രംപ് അധികാരത്തില്‍ വന്നാല്‍ കരാര്‍ പിന്‍വലിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ കനേഡിയക്കാരില്‍ 80 ശതമാനത്തിന്‍െറയും വോട്ട് ഹിലരിക്കുതന്നെ. ചിലരെയെങ്കിലും ട്രംപിന്‍െറ നയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. യു.എസുമായുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി ഏറ്റവും ഗുണകരമാവുക ട്രംപിന്‍െറ കാലത്തായിരിക്കുമെന്ന് അവര്‍ വാദമുയര്‍ത്തുന്നു. ട്രംപിനെ പിന്തുണക്കുന്നില്ളെങ്കിലും അദ്ദേഹവുമായി  തല്ലുകൂടാനില്ളെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പക്ഷം.

ഇസ്രായേല്‍
ഇസ്രായേലിന്‍െറ വോട്ട് ട്രംപിനുതന്നെ.  പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ കടുത്ത അനുകൂലിയാണെങ്കിലും വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്‍െറ വരവിനെ ആശങ്കയോടെ കാണുന്നവരും ഇസ്രായേലിലുണ്ട്. ട്രംപിന്‍െറ കുടിയേറ്റം, മറ്റു രാജ്യങ്ങളോടുള്ള സമീപനം, വംശീയ പരാമര്‍ശം എന്നിവ അവരെ ആശങ്കയിലാക്കുന്നു.

പശ്ചിമേഷ്യ
ആരു വന്നാലും സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോടുള്ള നയത്തില്‍ മാറ്റം വരാന്‍ പോകുന്നില്ല. ട്രംപിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ പശ്ചിമേഷ്യന്‍ ജനതയില്‍ അവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.  

ഉത്തര കൊറിയ
ഡൊണാള്‍ഡ് ട്രംപ് ഓവല്‍ ഹൗസിലത്തൊനാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് താല്‍പര്യം. ഇക്കാര്യം കിം ഒരു പൊതുസമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഒൗദ്യോഗിക മാധ്യമങ്ങളാണ് നേതാവിന്‍െറ മനസ്സിലിരിപ്പ് വെളിപ്പെടുത്തിയത്.  ആണവപരീക്ഷണം നടത്താന്‍ ആരും തടസ്സം നില്‍ക്കരുതെന്നാണ് കിമ്മിന് പരമപ്രധാനം. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്ന ഒബാമയുടെ വിദേശ നയം തന്നെയായിരിക്കും ഹിലരിയും പിന്‍പറ്റുക.  

ബ്രിട്ടന്‍
സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനും റഷ്യയില്‍നിന്നുള്ള ഭീഷണി അതിജീവിക്കുന്നതിനും ഹിലരിയോളം മേന്മ ട്രംപിനില്ളെന്നാണ് ബ്രിട്ടന്‍ കരുതുന്നത്. ബ്രെക്സിറ്റോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട ബ്രിട്ടന്‍െറ പ്രതീക്ഷ യു.എസിലായിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഒബാമയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും തമ്മില്‍ കലഹത്തിലായിരുന്നില്ളെങ്കിലും ചില വിഷയങ്ങളില്‍ ഭിന്നത മറനീക്കിയിരുന്നു.

ഇറാഖ്
യു.എസ് പിന്തുണയോടെയാണ് ഇറാഖില്‍ ഐ.എസിനെതിരായ പോരാട്ടം. 2016ല്‍മാത്രം 1.6 ബില്യണ്‍ ഡോളറിന്‍െറ സൈനികസഹായമാണ് യു.എസ് നല്‍കിയത്. സഹായങ്ങള്‍ തുടരാന്‍ ഹിലരിയുടെ വിജയമാണ് ഇറാഖ് ആഗ്രഹിക്കുന്നത്.

ജര്‍മനി
ഹിലരിയും ട്രംപും തമ്മില്‍ മത്സരമുണ്ടായാല്‍ ഹിലരി വിജയിക്കുമെന്ന് ജര്‍മന്‍ ജനത അഭിപ്രായ സര്‍വേയില്‍ മുമ്പേതന്നെ വിധിയെഴുതിയതാണ്. 86 ശതമാനമാണ് അന്ന് ഹിലരിയെ പിന്തുണച്ചത്.
ആഗോള സാമ്പത്തികവളര്‍ച്ചക്ക് ട്രംപ് തടസ്സമാണെന്നാണ് ഭൂരിഭാഗത്തിന്‍െറയും വിലയിരുത്തല്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidential election
News Summary - us president election
Next Story