ഉത്തരകൊറിയ തടവിലാക്കിയിരുന്ന യു.എസ് വിദ്യാർഥി മരിച്ചു
text_fields
വാഷിങ്ടൺ: ഉത്തരകൊറിയയുടെ തടവിൽനിന്നു മോചിതനായ യു.എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ (22) മരിച്ചു. വാംബിയറുടെ മാതാപിതാക്കളാണ് മരണ വിവരം വെളിപ്പെടുത്തിയത്. സിൻസിനാറ്റി ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു മരണം.ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കഴിച്ചതിനെത്തുടർന്ന് നാളുകളായി വാംബിയർ അബോധാവസ്ഥയിലായിരുന്നു.
ഒഹായോയിൽ വന്നിറങ്ങിയ വിമാനത്തിൽനിന്ന് വാംബിയറിനെ താങ്ങിയെടുത്തു പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ സിൻസിനാറ്റി മെഡിക്കൽ സെന്ററിലേക്കു കൊണ്ടുപോവുകയായിരുന്നു. സംസാരിക്കാൻപോലുമാവാത്ത സ്ഥിതിയിലായിരുന്നു അപ്പോഴെന്ന് വാംബിയറുടെ മാതാപിതാക്കൾ പറഞ്ഞു. നാഡീവ്യൂഹത്തിനേറ്റ മാരകമായ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. കൊടുംപീഡനങ്ങളാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഉത്തര കൊറിയയിലെ കിരാത ഭരണകൂടമാണ് വാംബിയറുടെ മരണത്തിന് ഉത്തരവാദിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. വാംബിയറുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു. മനുഷ്യത്വത്തിന് വില കൽപിക്കാത്ത ഉത്തര കൊറിയൻ ഭരണാധികാരിയുടെ കൈകളിൽനിന്ന് നിരപരാധികളെ രക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. സംഭവം നിരാശാജനകമാണെന്ന് ഉത്തരകൊറിയയുടെ സഖ്യചേരിയായ ചൈനയും പ്രതികരിച്ചു. ഉത്തരകൊറിയയാണ് മരണത്തിനു പിന്നിലെന്ന് യു.എസ് സെനറ്റർ ജോൺ മക്കെയ്നും വിമർശിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയൻ അധികൃതർ വിശദീകരിച്ചത്. എന്നാൽ, കസ്റ്റഡിയിൽ ക്രൂരമർദനമേറ്റതായി ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെന്നാണ് യു.എസ് ആരോപണം. വാംബിയർ മോചിതനായതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയക്കെതിരെ എട്ടുവർഷം പഴക്കമുള്ള സൈബർ ആക്രമണക്കുറ്റം യു.എസ് ആരോപിച്ചിട്ടുണ്ട്.
2016 ജനുവരിയിലാണ് ഉത്തരകൊറിയയിലെത്തിയ വാംപിയറെ പ്രചാരണ പോസ്റ്റർ മോഷ്ടിച്ചു എന്ന കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തത്. യൂനിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ വിദ്യാർഥിയായ വാംബിയർ ടൂറിസ്റ്റായാണ് ഉത്തരകൊറിയയിൽ എത്തിയത്. മാർച്ചിൽ കോടതി 15 വർഷം ലേബർ ക്യാമ്പിൽ പണിയെടുക്കാൻ ശിക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.