യു.എസിൽ സുപ്രീംകോടതി ജഡ്ജി തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
text_fieldsവാഷിങ്ടൺ: സുപ്രീംകോടതിയിൽ പുതുതായി വന്ന ഒഴിവിലേക്ക് പ്രസിഡന്‍റ് ട്രംപ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോയുടെ നിയമനത്തെ കൂടുതൽ അനിശ്ചിതത്വത്തിലാക്കി നാടകീയ രംഗങ്ങൾ. 40 വർങ്ങൾക്ക് മുമ്പ് ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത്, കവനോ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചു മുന്നോട്ടുവന്ന പ്രഫ. ക്രിസ്റ്റീൻ ബ്ലാസി ഫോർഡിനെ സെനറ്റ് വിളിച്ചു വരുത്തി നടത്തിയ ഹിയറിങ്ങിനു ശേഷം രാജ്യത്ത് അതിശക്തമായ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ ദുരാരോപണമാണെന്ന് പറഞ്ഞ് 21അംഗ സെനറ്റ് ജുഡീഷ്യൽ പാനലിലെ 11 റിപ്പബ്ലിക്കൻ സെനറ്റർമാരും കവനോയുടെ നിയമന നിർദേശം മുഴുവൻ സെനറ്റിന്‍റെയും പരിഗണനക്ക് വിടുമെന്ന് പ്രഖ്യാപിച്ചു വോട്ടെടുപ്പിനായി പിരിഞ്ഞു.
അതിനിടെ ജുഡീഷ്യൽ പാനലിലെ അരിസോണ റിപ്പബ്ലിക്കൻ അംഗമായ ജെഫ് ഫ്ലെകിനെ സെനറ്റ് ഹാളിന്‍റെ ലിഫ്റ്റിനടുത്തുവെച്ച് ആൻ മരിയ അർച്ചില്ല, മരിയ ഗലാഗർ എന്നീ രണ്ടു വനിതകൾ തടയുകയും സ്ത്രീകളുടെ ശബ്ദങ്ങൾക്ക് വിലയില്ലാതാകുന്ന രാജ്യത്തിലേക്കാണോ സെനറ്റരുടെ വോട്ട് എന്ന് ചോദിച്ചു കരയുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയാനവശ്യപ്പെട്ടുകയും ചെയ്‌തു. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച തങ്ങളുടെ വാക്കുകൾക്ക് സെനറ്റർ വില നൽകണമെന്നും രാജ്യത്തിന്‍റെ ഒരു തലമുറയുടെ ന്യായാധിപനായി സ്ത്രീപീഡനാരോപിതനെയല്ല വേണ്ടതെന്നും ആൻ മരിയയും പറഞ്ഞു. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചപ്പോൾ, തങ്ങൾക്ക് സെനറ്ററോടല്ലാതെ വേറെയാരോടും ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി.
അഞ്ച് മിനിറ്റോളം യുവതികളുടെ പ്രതിഷേധത്തിന് നിശബ്ദമായി ചെവി കൊടുത്ത സെനറ്റർ, സെനറ്റ് ഹാളിലേക്ക് തിരിച്ചു പോകുന്നതിനു പകരം എതിർ പാർട്ടിയിലെ അംഗങ്ങളുമായി ചർച്ച നടത്താനായി സ്ഥലംവിട്ടു. തിരിച്ചു സെനറ്റ് ഹാളിൽ വന്ന് ബ്രെറ്റ് കവനോക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ജെഫ്, 100 അംഗ സെനറ്റിലെ തന്‍റെ വോട്ട് എഫ്.ബി.ഐ അന്വേഷണഫലം അനുസരിച്ചു മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതോടുകൂടി നാളെ നടക്കുമെന്ന് കരുതിയിരുന്ന സെനറ്റ് വോട്ടിങ് അടുത്തമാസം 11 വരെ നീട്ടി വെക്കേണ്ടി വന്നു. തുടർന്ന് പ്രസിഡണ്ട് ട്രംപ് എഫ്.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ നിർബന്ധിതനാവുകയും ചെയ്തു. 100 അംഗ സെനറ്റിൽ 49 ഡെമോക്രാറ്റ് അംഗങ്ങളും എതിർ വോട്ട് ചെയ്യുമെന്നുറപ്പിച്ച സാഹചര്യത്തിൽ 51 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ട് കിട്ടിയാൽ മാത്രമേ ബ്രെറ്റ് കവനോ ഔദ്യോഗികമായി സുപ്രീംകോടതി ജസ്റ്റിസായി നിയമിതനാകൂ.
അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയിയുടെ ട്രംപ് വിധേയത്വത്തിൽ അസ്വസ്ഥരായ അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ജെഫ് ഫ്ലേക്ക് ഈ വർഷം സെനറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടാത്ത സാഹചര്യത്തിലുള്ള ജെഫിന്‍റെ നിലപാടുകൾ കൂടുതൽ സത്യസന്ധമെന്നും ധീരമെന്നും വാഴ്ത്തുകയാണ് അമേരിക്കൻ മാധ്യമങ്ങൾ. നവംബറിൽ നടക്കുന്ന സെനറ്റ്, ഹൗസ് തെരഞ്ഞെടുപ്പുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതികൂലമാകുന്ന തരത്തിൽ #metoo തരംഗം തിരിച്ചു വരുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.