യാത്രവിലക്ക് ട്രംപ് പുതുക്കി; മൂന്നു രാജ്യങ്ങൾകൂടി പട്ടികയിൽ
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയ അടക്കം എട്ടു രാജ്യങ്ങൾക്ക് യാത്രവിലക്ക് ബാധകമാക്കിയതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആറ് മുസ്ലിം രാജ്യങ്ങൾക്കാണ് യു.എസിൽ പ്രവേശിക്കുന്നതിന് നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഛാദ്, വെനിസ്വേല എന്നിവയാണ് വിലക്ക് പുതുതായി ബാധകമായ മറ്റു രാജ്യങ്ങൾ. ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യമൻ എന്നീ രാജ്യങ്ങൾക്ക് പുറമെയാണിത്. നേരത്തേ പട്ടികയിലുണ്ടായിരുന്ന സുഡാനെ ഒഴിവാക്കി.
ഇറാഖിനെ തുടക്കത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇറാഖുകാർ കടുത്ത സുരക്ഷ പരിേശാധനക്ക് വിധേയമാകേണ്ടതുണ്ട്. വെനിസ്വേലയിലെ ഏതാനും സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും വിലക്ക് ബാധകമാവുക.
ഒക്ടോബർ 18 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. നേരത്തേ പ്രഖ്യാപിച്ച രണ്ട് ഉത്തരവുകളിൽനിന്ന് വ്യത്യസ്തമായി, പുതിയ വിലക്കിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. യാത്രവിലക്കിനെ വിവിധ കക്ഷികൾ നൽകിയ കേസിൽ യു.എസ് സുപ്രീംകോടതി ഒക്ടോബർ 10ന് വാദം കേൾക്കും. മുസ്ലിം രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ വിലക്ക് വിവേചനപരമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇൗ വാദം ദുർബലപ്പെടുത്താനാണ് പട്ടികയിലേക്ക് വെനിസ്വേലയെയും ഉത്തര കൊറിയയെയും ഉൾപ്പെടുത്തിയതെന്ന് വിലക്കിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.