വീണ്ടും കരുത്താർജിച്ച് വംശീയവിരുദ്ധ പ്രക്ഷോഭം; പ്രക്ഷോഭകാരികൾ തീവ്രവാദികളെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ശക്തിയാർജിച്ച വംശീയവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ കടുത്ത നടപടികളുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രക്ഷോഭകാരികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ട്രംപ്, ഫെഡറൽ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്നും വ്യക്തമാക്കി. പോർട്ട്ലാൻഡ്,സിയാറ്റിൽ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻ പ്രക്ഷോഭമാണ് നടക്കുന്നത്. ടിയർഗ്യാസും മറ്റും ഉപയോഗിച്ചാണ് നേരിടുന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഹോംലാൻഡ് സെക്യൂരിറ്റിയിൽനിന്നുള്ള നെയിം ബാഡ്ജ് ധരിക്കാത്ത അർധൈസനിക ഉദ്യോഗസ്ഥരും പ്രക്ഷോഭകരെ നേരിടാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ നിയോഗിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. അതേസമയം, അമേരിക്ക ഏകാധിപത്യ രാജ്യം പോലെയായി മാറിയതായി സി.എൻ.എൻ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകാധിപത്യ രാജ്യങ്ങളിലെ പോലെയാണ് പേരും നമ്പർ പ്ലേറ്റുമില്ലാത്ത വാഹനങ്ങളിലേക്ക് പ്രക്ഷോഭകരെ മാറ്റുന്നതെന്ന് ഒറിഗോണിൽനിന്നുള്ള കോൺഗ്രസ് അംഗങ്ങളായ ജെഫ്രി മെർക്ക്ലി, റോൺ വൈഡൻ, സൂസൻ ബൊമാമിസി, ഏൾ ബ്ലൂമനോയർ എന്നിവർ ജസ്റ്റിസ് ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെൻറിന് എഴുതിയ കത്തിൽ വ്യക്തമാക്കി. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവർക്കെതിരെ അപകടകരമായ യുദ്ധസാമഗ്രികൾ ഉപയോഗിക്കുന്നതായും ഫെഡറൽ ഏജൻറുമാർ തെരുവിൽനിന്ന് കാരണം കൂടാതെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒൗപചാരിക നേതാവോ ആസ്ഥാനമോ ഇല്ലാത്ത ആൻറിഫ (ആൻറി ഫാഷിസ്റ്റിെൻറ ചെറുരൂപം)യാണ് സംഘർഷങ്ങൾക്ക് കാരണമെന്നും അവർ ഭീകരരാണെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.
അതിനിടെ, പോർട്ട്ലാൻഡ് പ്രക്ഷോഭത്തെ പിന്തുണച്ച് സിയാറ്റിലിൽ നടന്ന സമരം സംഘർഷത്തിലെത്തുകയും പൊലീസ് കുരുമുളക് സ്പ്രേയും കണ്ണീർ വാതക ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു. 45 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. 21 പൊലീസ് ഒാഫിസർമാർക്ക് പരിക്കുണ്ട്. ഫെഡറൽ സേന മടങ്ങിപ്പോകുക, ഞങ്ങൾ ജീവിക്കുന്നത് പൊലീസ് സ്റ്റേറ്റിലാണ്, നീതിയില്ലാതെ സമാധാനമില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സമാധാനപരമായാണ് സിയാറ്റിലിൽ ആയിരങ്ങൾ പ്രതിഷേധിച്ചത്.
യുവാക്കളെ തടഞ്ഞുവെക്കാൻ ഉപയോഗിച്ചിരുന്ന നിർമാണ പ്രദേശത്തിന് ഒരു വിഭാഗം പ്രക്ഷോഭകർ തീയിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. ടെക്സസിലെ ഒാസ്റ്റിനിൽ ബ്ലാക്ക് ലൈവ്സ് മാർച്ചിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. റൈഫിളുമായി നീങ്ങിയ ഇയാൾ വാഹനത്തിന് അടുത്തേക്ക് എത്തിയപ്പോൾ വാഹനത്തിനുള്ളിൽനിന്ന് വെടിവെക്കുകയായിരുന്നു. ഇയാൾ പൊലീസിെൻറ പിടിയിലായിട്ടുണ്ട്. കാലിഫോർണിയയിൽ പ്രക്ഷോഭകർ കോടതി കേന്ദ്രത്തിന് തീയിടുകയും പൊലീസ് സ്റ്റേഷൻ ഭാഗികമായി നശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.