അഫ്ഗാനിസ്താനിൽനിന്ന് 5000 സൈനികരെ യു.എസ് പിൻവലിക്കുന്നു
text_fieldsവാഷിങ്ടൺ: താലിബാനുമായി സമാധാന കരാറിെൻറ ഭാഗമായി അഫ്ഗാനിസ്താനിൽനിന്ന് 5000 സൈ നികരെ യു.എസ് പിൻവലിക്കുന്നു. മുതിർന്ന ഉപദേശകരെ അവഗണിച്ച് സിറിയയിൽനിന്ന് മുഴുവൻ സൈനികരെയും പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. ഈ വിഷയങ്ങളിൽ ട്രംപുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, വ്യാഴാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജി വെച്ചിരുന്നു.
അടിയന്തര പ്രാധാന്യത്തോടെ അഫ്ഗാനിസ്താനിൽനിന്ന് സൈനിക പിന്മാറ്റം ആരംഭിക്കാൻ പ്രസിഡൻറ് നിർദേശം നൽകിയതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 9000 യു.എസ് സൈനികരുള്ള അഫ്ഗാനിസ്താനിൽനിന്ന് പകുതിയിലേറെ പേരുടെ പിന്മാറ്റം പൂർത്തിയാക്കാൻ എത്ര സമയം ആവശ്യമാണെന്നതു സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. പിൻവലിക്കാൻ വാക്കാൽ നൽകിയ നിർദേശം ഔദ്യോഗികമായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാൻ സൈനികരുടെ പരിശീലനം, ഉപദേശം നൽകൽ, താലിബാൻ ഉൾപ്പെടെ സംഘടനകൾക്കെതിരായ പോരാട്ടം എന്നിവയാണ് നിലവിൽ യു.എസ് സൈന്യം നിർവഹിക്കുന്നത്. പിന്മാറ്റത്തോടെ ഈ ദൗത്യങ്ങൾ അവസാനിപ്പിക്കേണ്ടിവരും.
താലിബാൻ കൂടുതൽ ശക്തിയാർജിക്കുന്ന അഫ്ഗാനിൽ യു.എസ് സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കണമെന്നായിരുന്നു മുതിർന്ന പെൻറഗൺ ഉദ്യോഗസ്ഥരുടെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ട്രംപ് നിലപാടെടുത്തതോടെയായിരുന്നു മാറ്റിസിെൻറ രാജി. യു.എസിലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും നാറ്റോ സഖ്യരാജ്യങ്ങളും യു.എസ് പിന്മാറ്റത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. 2001ൽ ലോകവ്യാപാര കേന്ദ്രത്തിനെതിരെ നടന്ന ഭീകരാക്രമണത്തോടെയാണ് യു.എസ് സേന അഫ്ഗാനിലെത്തുന്നത്. 17 വർഷത്തിനിടെ 2600 യു.എസ് സൈനികർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.