യു.എസ് അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും; കൂടുതൽ പേർ പഞ്ചാബിൽനിന്ന്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ദക്ഷിണ അതിർത്തിവഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരിൽ 100ഒാളം ഇന്ത്യക്കാരും. ഇതിൽ അധികവും പഞ്ചാബിൽനിന്നുള്ളവരാണ്. ഇവരുമായി യു.എസിലെ ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ടെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ന്യൂ മെക്സികോയിലെ ഫെഡറൽ തടവുകേന്ദ്രത്തിൽ 45ഒാളം പേരും ഒറിഗോണിലെ കേന്ദ്രത്തിൽ 52 പേരുമാണുള്ളത്. ഒറിഗോണിലെ കേന്ദ്രം ഇതിനകം എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിവരുകയാണെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതിൽ ന്യൂ മെക്സികോ കേന്ദ്രത്തിലുള്ള ഒരു ഡസനിലേറെ പേർ മാസങ്ങളായി തടവിൽകഴിയുന്നവരാണ്. ശേഷിക്കുന്നവരെ ഒരാഴ്ച മുമ്പാണ് എത്തിച്ചത്. തങ്ങൾ സ്വന്തം രാജ്യത്ത് അക്രമവും പീഡനവും നേരിടുന്നതിനാൽ യു.എസിൽ അഭയം നൽകണമെന്നാണ് മിക്കവരുടെയും അഭ്യർഥന.
അനധികൃത കുടിയേറ്റം നടത്തിയ ആയിരക്കണക്കിന് ഇന്ത്യക്കാർ പല ജയിലുകളിലായി കഴിയുന്നുണ്ടെന്ന് വടക്കൻ അമേരിക്കൻ പഞ്ചാബി അസോസിയേഷൻ നേതാവ് സത്നാം സിങ് ചഹാൽ പറഞ്ഞു. ഇൗ സംഘടന യു.സിലെ ‘വിവര സ്വാതന്ത്ര്യ നിയമ’പ്രകാരം ശേഖരിച്ച കണക്കനുസരിച്ച് 2013 മുതൽ 2015വരെയുള്ള വർഷങ്ങളിൽ 27,000ത്തിലധികം ഇന്ത്യക്കാർ യു.എസ് അതിർത്തിയിൽ പിടിയിലായിട്ടുണ്ട്. ഇതിൽ 4,000ത്തിലധികം വനിതകളും 350ഒാളം കുട്ടികളുമുണ്ട്. ഇവരിൽ അധികവും ഇപ്പോഴും ജയിലിലാണ്.
മതിയായ രേഖകളില്ലാതെ യു.എസിൽ തങ്ങിയതിെൻറ പേരിൽ പിടിയിലായ നിരവധി പേരും ജയിലിലുണ്ട്. പഞ്ചാബി യുവാക്കളെ അനധികൃതമായി അമേരിക്കയിൽ എത്തിക്കുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി സത്നാം സിങ് ആരോപിച്ചു. ഇൗ സംഘത്തിൽ മനുഷ്യക്കടത്തുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുണ്ട്. 35 മുതൽ 50 ലക്ഷംവരെ ഇൗടാക്കിയാണ് ഇവർ ആളുകളെ യു.എസിൽ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നാണ് ഇന്ത്യയിലെ ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാർ എത്തുന്നതെന്ന് ഇമിഗ്രേഷൻ അറ്റോണി അകൻഷ കൽറ പഞ്ഞു. പലരും മെക്സികോ അതിർത്തിയിൽ നിന്നാണ് പിടിയിലാകുന്നത്. ഇവരെ പിന്നീട് ടെക്സസിൽ എത്തിക്കും. അവിടെനിന്ന് പെൻസൽേവനിയ തടവുകേന്ദ്രത്തിലേക്ക് മാറ്റാറാണ് പതിവ് -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.