വെനിസ്വേലയിൽ ഭരണഘടന തിരുത്താൻ അനുമതി
text_fieldsകറാക്കസ്: ഭരണഘടന മാറ്റിയെഴുതാൻ അധികാരമുള്ള പുതിയ ദേശീയ പൗര നിയമനിർമാണ സഭ രൂപവത്കരിക്കുമെന്ന് വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ പ്രഖ്യാപിച്ചു. ആഴ്ചകളായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കൂടുതൽ അധികാരം കൈക്കലാക്കാനുള്ള സർക്കാറിെൻറ ശ്രമത്തിെൻറ ഭാഗമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.
ഇത്തരമൊരു സഭ ഭരണഘടനാ വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് ഹെൻറിഖ് കാപ്രിൽസ് പറഞ്ഞു. എന്നാൽ, രാജ്യത്തിെൻറ രാഷ്ട്രീയ പ്രതിസന്ധി തരണംചെയ്യാൻ പുതിയ നിയമനിർമാണ സഭ ഉപകരിക്കുമെന്നാണ് മദൂറോയുടെ വാദം. 500 അംഗ സഭയിലെ പകുതിയോളം പേരെയേ തെരഞ്ഞെടുക്കൂവെന്നും മദൂറോ കൂട്ടിച്ചേർത്തു. സർക്കാർ അനുകൂല തൊഴിലാളി സംഘടനകൾ, സിവിക് സൊസൈറ്റി സംഘങ്ങൾ എന്നിവയിലുള്ളവരായിരിക്കും സഭയിലെ അംഗങ്ങൾ.
പ്രതിപക്ഷത്തിന് അധികാരമുള്ള ദേശീയ നിയമസഭയുടെ നിയന്ത്രണങ്ങളെ മറികടക്കാനും ഇതിനു സാധിക്കും. പൊതുസഭയെ പിരിച്ചുവിടാനും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കഴിയും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മദൂറോയോട് രാജിവെക്കാൻ ദേശീയ നിയമസഭ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര യുദ്ധമല്ല താൻ ആഗ്രഹിക്കുന്നതെന്ന് കറാക്കസിൽ മേയ്ദിനത്തോടനുബന്ധിച്ചു നടന്ന റാലിയിൽ മദൂറോ പറഞ്ഞിരുന്നു. തിങ്കളാഴ്ച സർക്കാർ സ്ഥാപനങ്ങളിലേക്കു നടന്ന പ്രതിഷേധ റാലി തടഞ്ഞതിനെ തുടർന്ന് യുവാക്കൾ സുരക്ഷസേനക്കു നേരെ കല്ലുകളും പെട്രോൾ ബോംബുകളും എറിഞ്ഞിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. പുതിയ നീക്കം രാജ്യത്തിെൻറ വോട്ടവകാശം തകർക്കാനും രാഷ്ട്രീയ അട്ടിമറിക്കുമുള്ള ശ്രമമാണെന്ന് ദേശീയ നിയമസഭ അധ്യക്ഷൻ ജൂലിയോ ബോർജസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.