വെനിസ്വേലൻ വിപ്ലവ നേതാവ് അലി െറാഡ്രിഗസ് അന്തരിച്ചു
text_fieldsകറാക്കസ്: വെനിസ്വേലയിലെ സാമൂഹിക വിപ്ലവത്തിെൻറ ബിംബമായിരുന്ന നയതന്ത്ര പ്രതിനിധി അലി റൊഡ്രിഗസ് അന്തരിച്ചു. 10 വർഷത്തോളം ക്യൂബയിലെ വെനിസ്വേലൻ അംബാസഡറായിരുന്നു. 81 വയസ്സായിരുന്നു. ഹവാനയിലായിരുന്നു അന്ത്യം.
‘‘അലി റൊഡ്രിഗസ് തളരാത്ത പോരാളിയായിരുന്നു. വിപ്ലവത്തിലെ അവിഭാജ്യഘടകവും. അദ്ദേഹത്തിെൻറ അനുഭവജ്ഞാനവും സത്യസന്ധതയും തങ്ങൾക്ക് പാഠമാണെ’’ന്ന് പ്രസിഡൻറ് നികളസ് മദൂറോ അനുസ്മരിച്ചു.
അന്തരിച്ച പ്രസിഡൻറ് ഉൗഗോ ചാവെസിെൻറയും നികളസ് മദൂറോ ഭരണകൂടത്തിെൻറയും അമേരിക്കൻ വിരുദ്ധ വിദേശ നയങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. 1937ൽ വെനിസ്വേലയിലെ ലാറ സംസ്ഥാനത്തായിരുന്നു ജനനം. യുവാവായിരിക്കെ ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ പോരാട്ടങ്ങളിൽ ആകൃഷ്ടനായി ഗറില പോരാളിയായി. 1970ൽ വിമത സംഘങ്ങൾ പിരിച്ചുവിടുന്നതുവരെ പോരാട്ടം തുടർന്നു. മുൻ പ്രസിഡൻറ് റാഫേൽ കാൽദറ വിമതരുമായി സന്ധിയിലെത്തിയതോടെ റൊഡ്രിഗസിനും അനുയായികൾക്കും പൊതുമാപ്പു നൽകി.
1980ൽ അദ്ദേഹം കോസ ആർ പാർട്ടിയിൽ ചേർന്നു. അതിനുശേഷം വെനിസ്വേലൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 90കളിൽ എണ്ണമേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾക്കെതിരെ ശബ്ദമുയർത്തി. അഭിഭാഷകനും സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത ബിരുദവും നേടിയ ഇദ്ദേഹത്തെ 1999ൽ ചാവെസ് മന്ത്രിസഭയിൽ ഉൗർജമന്ത്രിയായി നിയമിച്ചു. ഒരുവർഷത്തിനു ശേഷം പദവിയുപേക്ഷിച്ച് ഒപെക് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട് രാജ്യത്തിെൻറ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയുടെ മേധാവിയായി. പൊതുപണിമുടക്കിൽ പെങ്കടുത്തതിന് കമ്പനിയിലെ 20,000ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കു പിന്നിൽ റൊഡ്രിഗസ് ആയിരുന്നു.
2014 വരെ ആ പദവിയിൽ തുടർന്നു. പിന്നീടാണ് ചാവെസ് ക്യൂബൻ അംബാസഡറായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.