ടിയാനൻമെനിലെ ടാങ്ക്മാനെ അനുസ്മരിപ്പിച്ച് വെനിസ്വേലയിലെ അജ്ഞാത
text_fieldsകറാക്കസ്: വെനിസ്വേലയിൽ പ്രക്ഷോഭങ്ങൾക്കിടെ ബുധനാഴ്ച സൈനിക വാഹനവ്യൂഹത്തിനുമുന്നിൽ നിലയുറപ്പിച്ച സ്ത്രീ ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിലെ പ്രതിഷേധത്തെ അനുസ്മരിപ്പിച്ചു. പ്രസിഡൻറ് നികളസ് മദൂറോയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സൈനിക ട്രക്കുകൾക്കുമുന്നിലേക്ക് സ്ത്രീ ഉറച്ചചുവടുകൾവെച്ച് നീങ്ങിയത്. സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിെൻറ ഒാർമദിവസമായ ഏപ്രിൽ 19ന് പ്രസിഡൻറിനെതിരെ പ്രതിപക്ഷം തെരുവിലിറങ്ങിയതോടെ ആളുകളെ പിരിച്ചുവിടാൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ മൂന്നുപേർ മരിച്ചിരുന്നു.
സംഘർഷങ്ങൾക്കിടയിൽ അജ്ഞാത സ്ത്രീയുടെ പ്രവൃത്തി ചരിത്രത്തിെൻറ ആവർത്തനമായി. വെനിസ്വേലയുടെ ദേശീയ നിറങ്ങൾ നിറഞ്ഞ തൊപ്പിയും ദേശീയപതാകയുടെ മാതൃകയിലുള്ള സ്കാർഫും കഴുത്തിലണിഞ്ഞ് അവർ ട്രക്കിനു മുന്നിലേക്ക് ഒാടിയടുത്തതോടെ വാഹനവ്യൂഹം നിന്നു. ട്രക്കിനുമുന്നിൽ കൈകൾ ഉറപ്പിച്ചുനിൽക്കുന്ന സ്ത്രീയുടെ ദേഹത്തേക്ക് വാഹനത്തിൽനിന്ന് സ്ഫോടക വസ്തു എറിയുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ കാണാം. എന്നാൽ, സമചിത്തതയോടെ അവർ അതിൽനിന്ന് ഒഴിഞ്ഞുമാറി. അൽപസമയത്തിനുശേഷം ട്രക്ക് പിന്നോെട്ടടുക്കുന്നതും സ്ത്രീ പിന്തിരിയാതെ മുന്നോട്ടുനീങ്ങുന്നതും വിഡിയോയിൽ കാണാം.
ട്രക്കിനുമുന്നിൽ നിൽക്കുന്ന സ്ത്രീയുടെ ചിത്രം ടിയാനൻമെൻ സ്ക്വയറിലെ ടാങ്ക്മാൻ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ. 1989 ജൂൺ അഞ്ചിനായിരുന്നു ടിയാനൻമെനിൽ ചൈനീസ് സൈനിക ടാങ്കറുകൾക്കുമുന്നിൽ അജ്ഞാതൻ നിലയുറപ്പിച്ചത്. വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിനിടെയായിരുന്നു ഇത്. വെനിസ്വേലയിലെ സ്ത്രീയെപോലെ ടാങ്ക് മാനും അജ്ഞാതനാണെന്നത് മറ്റൊരു കൗതുകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.