യു.എസിൽ വിസ തട്ടിപ്പ്: അറസ്റ്റിലായത് 129 ഇന്ത്യക്കാർ
text_fieldsന്യൂയോര്‍ക്: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് 129 ഇന്ത്യക്കാരെ യു.എസ് അറസ്റ്റ് ചെയ്തു. യു.എസില്‍ തുടരാനായി വ്യാജ യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയതിനാണ് നടപടി. കുടിയേറ്റ തട്ടിപ്പുകാരെ കുടുക്കാന്‍ ഡിപ്പാർട്മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡെട്രിയോട്ട്സ് ഫാമിങ്ടണ്‍ ഹില്‍സിലെ യൂനിവേഴ്സിറ്റി.
സ്റ്റുഡൻറ് വിസക്കായി ഈ യൂനിവേഴ്സിറ്റിയില്‍ എൻറോള്‍ ചെയ്തവരാണ് പിടിയിലായത്. യു.എസില്‍ തുടരുന്നതിനായി സ്റ്റുഡൻറ് വിസ നിലനിർത്താന്‍ വ്യാജ സ്കൂളില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ ബോധപൂർവം ചേരുകയാണുണ്ടായതെന്നാണ് യു.എസ് അധികൃതരുടെ വാദം. യൂനിവേഴ്സിറ്റി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ഇമിഗ്രേഷന്‍ അറ്റോണി അവകാശപ്പെടുന്നത്. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ സങ്കീര്‍ണമായ നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ വിമര്‍ശിക്കുകയും ചെയ്തു.
‘‘യൂനിവേഴ്സിറ്റി ഓഫ് ഫാമിങ്ടണില്‍ എന്‍ റോള്‍ ചെയ്ത 130 വിദേശികളെ ഇമിഗ്രേഷന്‍ ആൻഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. 130 പേരില്‍ 129 പേരും ഇന്ത്യക്കാരാണ്’’ -ഐ.സി.ഇ വക്താവ് ഖാലിദ് എച്ച്. വാള്‍സ് അറിയിച്ചു.
ആശങ്കയറിച്ച് ഇന്ത്യ
ന്യൂഡൽഹി: വിസ തട്ടിപ്പിനിരയായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിയമനടപടി നേരിടേണ്ടിവരുന്നതില്‍ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തെ ആശങ്കയറിയിച്ച് ഇന്ത്യ. കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അറസ്റ്റിലായവര്‍ അടക്കമുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്കാന് അമേരിക്കയോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അവരെ വിട്ടയക്കണമെന്നും സ്വന്തം താൽപര്യപ്രകാരമല്ലാതെ ആരെയും തിരിച്ചയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ്ലൈന് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.