ഒാപ്ര വിൻഫ്രയെ ഞാൻ തോൽപിക്കും- ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒാപ്ര വിൻഫ്ര മത്സരിച്ചാൽ അവരെ തോൽപിക്കുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപിൻറെ പരാമർശം. 'ഞാൻ ഓപ്രയെ തോൽപിക്കും. ഓപ്രയുമായുള്ള മത്സരം വളരെ രസകരമായിരിക്കും. ഓപ്രയെ എനിക്ക് വളരെ നന്നായി അറിയാം. ഞാൻ അവരെ ഇഷ്ടപ്പെടുന്നു. അവർ മത്സരിക്കാൻ പോകുകയാണെന്ന് എനിക്കു തോന്നുന്നില്ല'- ട്രംപ് വ്യക്തമാക്കി. 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒാപ്ര സ്ഥാനാർഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
കഴിഞ്ഞദിവസം നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ ഒാപ്ര വിൻഫ്രി നടത്തിയ പ്രഭാഷണം ലോകം കൈയടികളോടെയാണ് സ്വീകരിച്ചത്. സ്ത്രീ സമൂഹവും വിവിധ വംശീയ വിഭാഗങ്ങളും നേരിടുന്ന വിവേചനങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു പ്രഭാഷണം. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിനുശേഷം സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധിപേരാണ് ഒാപ്രയോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിനനുകൂലമായി ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരാണ് കാമ്പയിനിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഒാപ്രയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ടെലിവിഷൻ അവതാരിക എന്ന നിലയിൽ അമേരിക്കയിലെ ടി.വി പ്രേക്ഷകർക്ക് സുപരിചിതയാണ് ഒാപ്ര. 63കാരിയായ ഇവർ സംരംഭകയും കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള സമ്പന്നയുമാണ്. കറുത്ത വർഗക്കാരിയായ ഇവർ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തിയാൽ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഗണന ലഭിക്കുമെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. മത്സര രംഗത്തേക്കു വരുന്ന കാര്യം ഒാപ്ര സജീവമായി ചിന്തിക്കുന്നുണ്ടെന്ന് യു.എസ് മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ അടുത്ത സുഹൃത്തുകൂടിയായ ഇവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻറനെയും പിന്തുണച്ച് രംഗത്തുവന്നിരുന്നു. 1954ൽ മിസിസിപ്പിയിലെ ദരിദ്ര സാഹചര്യത്തിൽനിന്നാണ് അമേരിക്കയിലെ വിലപിടിപ്പുള്ള ടെലിവിഷൻ അവതാരകയായി ഒാപ്ര വളർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.