ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണം; യുദ്ധഭീതി ശക്തം
text_fieldsതെൽ അവീവ്: ഇസ്രായേൽ നിയന്ത്രിത ഗൊലാൻ കുന്നുകളിലെ ഫുട്ബാൾ മൈതാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 12 ആയി. 20 പേർക്ക് പരിക്കേറ്റു. മജ്ദൽ ഷംസിലെ ഡ്രൂസ് ടൗണിൽ ശനിയാഴ്ച വൈകീട്ട് കുട്ടികൾ ഫുട്ബാൾ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും ഉണ്ടെന്ന് പ്രാഥമിക വിദ്യാലയത്തിലെ പ്രിൻസിപ്പൽ ജിഹാൻ സ്ഫാദി ചാനൽ 12നോട് പറഞ്ഞു.
അറബി സംസാരിക്കുന്ന ഡ്രൂസ് മത, വംശീയ വിഭാഗത്തിലെ 25,000 അംഗങ്ങൾ താമസിക്കുന്ന ഗോലാൻ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് മജ്ദൽ ഷംസ്. 1967ൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തതാണ് ഗൊലാൻ കുന്നുകൾ. ലെബനൻ ആസ്ഥാനമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നും തെക്കൻ ലെബനനിലെ ചെബാ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു. എന്നാൽ, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
തിരിച്ചടിയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിലും തെക്കൻ ലെബനനിലും ആക്രമണം നടത്തിയതായി ഞായറാഴ്ച പുലർച്ച ഇസ്രായേൽ സൈന്യം അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന് ഹിസ്ബുല്ല ശക്തമായ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഹിസ്ബുല്ല എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചിരിക്കുകയാണെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുല്ലയുടെ മുഖ്യ വക്താവ് മുഹമ്മദ് ഹഫിഫ് വ്യക്തമായി നിഷേധിച്ചു.
യു.എസ് സന്ദർശനം വെട്ടിക്കുറച്ച് നെതന്യാഹു ഉടൻ ഇസ്രായേലിൽ തിരിച്ചെത്തുമെന്നും സുരക്ഷ സംബന്ധിച്ച് ചർച്ച നടത്താൻ മന്ത്രിസഭ യോഗം വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസ് നൽകുന്ന സൂചന. ഹിസ്ബുല്ലക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് നെതന്യാഹു സർക്കാറിലെ തീവ്ര വലതുപക്ഷ വിഭാഗക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഒമ്പത് മാസമായി ഗസ്സയിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ സൈന്യത്തെ സംബന്ധിച്ച് ഹമാസിനെക്കാൾ ശക്തരായ ഹിസ്ബുല്ലയുമായുള്ള യുദ്ധം എളുപ്പമായിരിക്കില്ല.
അതേസമയം, ഗൊലാൻ കുന്നുകളിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്നതിന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമില്ല. എന്നാൽ, ഗൊലാൻ കുന്നുകളെ ലക്ഷ്യമിട്ട് തന്നെയായിരുന്നോ അതോ മിസൈൽ ലക്ഷ്യംതെറ്റി പതിച്ചതാണോയെന്ന് വ്യക്തമല്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.