യുക്രെയ്നെ ആക്രമിച്ചാൽ വലിയ വില നൽകേണ്ടിവരും; റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായി നടത്തിയ ടെലിഫോൺ ചർച്ചക്കിടെയാണ് ജോ ബൈഡൻ നിലാപാട് അറിയിച്ചത്.
യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ വലിയ വില നൽകേണ്ടിവരും. റഷ്യൻ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങൾക്ക് വഴിതെളിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
നയതന്ത്ര നീക്കത്തിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് റഷ്യ മുൻഗണന നൽകുന്നത്. മറ്റ് നടപടികൾക്കും യു.എസ് തയാറാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.
അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്തി നാറ്റോ വികസിപ്പിക്കരുത് എന്നതടക്കം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യു.എസ് വ്യക്തമായ മറുപടി നൽകിയില്ലെന്ന് റഷ്യൻ പ്രസിഡന്‍റിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.
ഏതുനിമിഷവും റഷ്യൻ അധിനിവേശമുണ്ടാകുമെന്നും മുൻകരുതലെന്നോണം 48 മണിക്കൂറിനകം യുക്രെയ്നിലെ യു.എസ് എംബസി ഒഴിപ്പിക്കണമെന്നും പ്രസിഡന്‍റ് ബൈഡൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ, ഉത്തര, കിഴക്കൻ അതിർത്തികളിൽ പുതുതായി സൈനിക വിന്യാസം തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മറുപടിയായി നാറ്റോ അതിർത്തി രാജ്യങ്ങളിൽ സൈനികരെ വൻതോതിൽ എത്തിച്ചിട്ടുണ്ട്.
പോളണ്ടിൽ മാത്രം അമേരിക്ക 3,000 പേരെയാണ് അടുത്ത ദിവസം വിന്യസിക്കുക. വിവിധ രാജ്യങ്ങളിലായി നേരത്തെ നിലയുറപ്പിച്ച 8500 യു.എസ് സൈനികർക്ക് പുറമെയാണിത്. റുമേനിയയിൽ 1,000 സൈനികരെയും യു.എസ് എത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.