യുദ്ധം വേർപിരിച്ച കമിതാക്കൾ വിവാഹത്തിനായി ഒരുമിച്ചു; നവവരൻ വീണ്ടും യുദ്ധമുഖത്തേക്ക്
text_fieldsകിയവ്: രക്തച്ചൊരിച്ചിലിനും യാതനകൾക്കുമിടെ യുക്രെയ്‌നിൽ യുദ്ധത്താൽ വേർപിരിഞ്ഞ കമിതാക്കൾ ലിവിവ് നഗരത്തിൽ വീണ്ടും ഒരുമിച്ച് വിവാഹിതരായി. 41 കാരനായ വരൻ യുക്രെയ്ൻ സേനയിൽ സന്നദ്ധസേവനം നടത്തുകയാണ്. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധമുഖത്തായിരുന്നു അദ്ദേഹം.
47 കാരിയായ വധു കിയവ് വിട്ട് ജർമനിയിൽ അഭയം തേടുകയായിരുന്നു. യുദ്ധം നടന്ന നഗരത്തിൽ ഫോട്ടോഷൂട്ട് നടത്തിയാണ് ദമ്പതികൾ വിവാഹ പ്രഖ്യാപനം നടത്തിയത്.
'ഞങ്ങൾ കിയവിൽ നിന്നാണ്. യുദ്ധം ആരംഭിച്ച ശേഷം ഞാൻ സൈന്യത്തിൽ സന്നദ്ധസേവകനായി ചേർന്നു. എന്റെ ഭാര്യ സുരക്ഷിത വാസസ്ഥലം തേടി ജർമനിയിലേക്ക് പോയി. തുടർന്ന് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവൾ ജർമനിയിൽ നിന്ന് രണ്ട് ദിവസത്തേക്ക് വന്നു. ഞാനും നഗരത്തിലെത്തി. ഞങ്ങൾ ഇന്നലെ വിവാഹിതരായി, നാളെ ഞാൻ തിരിച്ചു പോകും. ഞാൻ എന്റെ രാജ്യത്തെ സംരക്ഷിക്കാൻ പോകുകയാണ്. ഹലീന അവിടെ താമസിക്കും'-യുക്രെയ്ൻ പട്ടാളക്കാരനായ കോസ്റ്റ്യന്റിൻ പോളിഷുക് പറഞ്ഞു.
'എന്റെ ഭർത്താവിനെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്. ഞാൻ അവനുവേണ്ടി എല്ലാ ദിവസവും പ്രാർഥിക്കുന്നു. എന്നാൽ അതേസമയം ഒരു സിവിലിയൻ എന്ന നിലയിൽ മാതൃരാജ്യത്തെ സേവിക്കാൻ തീരുമാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ എല്ലാവരും അവൻ വിജയത്തോടെ തിരിച്ചുവരാൻ കാത്തിരിക്കുന്നു'-വധു ഹലീന പോളിഷുക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.