Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ വംശഹത്യ...

ഇസ്രായേൽ വംശഹത്യ നടത്തുന്നു​വെന്ന് ആംനസ്റ്റി ഇൻറർനാഷനൽ; ‘അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് നേരെ വിവിധതരം സമ്മർദം ചെലുത്തണം’

text_fields
bookmark_border
ഇസ്രായേൽ വംശഹത്യ നടത്തുന്നു​വെന്ന് ആംനസ്റ്റി ഇൻറർനാഷനൽ; ‘അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് നേരെ വിവിധതരം സമ്മർദം ചെലുത്തണം’
cancel

ലണ്ടൻ: ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഫലസ്തീന് വേണ്ടി ഉണരണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. വംശഹത്യാപരമായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ വിവിധ തലത്തിലുള്ള സമ്മർദം ചെലുത്തണമെന്ന് ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ആഹ്വാനം ചെയ്തു.

ഇസ്രായേൽ സർക്കാറിന്റെയും സൈനികരുടെയും മനുഷ്യത്വരഹിത ആക്രമണങ്ങളും വംശഹത്യ പ്രസ്താവനകളും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കണ്ടെത്തലുകളെന്ന് മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ശക്തിയുക്തം പേരാടുന്ന പ്രസ്ഥാനമായ ലണ്ടൻ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റർനാഷനൽ വ്യക്തമാക്കി. ഗസ്സക്കാരിൽനിന്നും നേരിട്ട് ശേഖരിച്ച വിവരങ്ങളും ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾക്കടക്കം ഇസ്രായേൽ വരുത്തിവെച്ച നാശ നഷ്ടങ്ങളും ഉപഗ്രഹ ചിത്രങ്ങളും റിപ്പോർട്ട് തയാറാക്കാനായി വിലയിരുത്തി. ‘ഫലസ്തീനിലേത് വംശഹത്യയാണ്. ഇത് ഉടനടി അവസാനിപ്പിക്കണം. ഞങ്ങളുടെ കണ്ടെത്തലുകൾ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഉണരാനുള്ള ആഹ്വാനമായി ഏറ്റെടുക്കണം’ -ആംനസ്റ്റി മേധാവി ആഗ്നസ് കാലമർഡ് പറഞ്ഞു.

ഗസ്സക്കാർക്ക് നേരെ ഇസ്രായേൽ മാരകമായ ആക്രമണങ്ങൾ നടത്തുകയും സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നതായി 296 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. ബന്ദികളാക്കിയ സിവിലിയന്മാരെ നിരുപാധികം വിട്ടയക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഗസ്സയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനുമെതിരെ കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഐ.സി.സി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് വാറന്റ് പുറപ്പെടുവിച്ചത്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ വിചാരണയ്ക്കിടെയാണ് നെതന്യാഹുവിനും ഗാലൻറിനും എതിരെയുള്ള നടപടി. നെതന്യാഹുവും ഗാലന്റും ചേർന്ന് ഗസ്സയിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യ സേവനങ്ങൾ നിഷേധിച്ചത് കടുത്ത മാനുഷിക പ്രതിസന്ധിക്കും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളിലേക്കും നയിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, പീഡനം തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഇരുവരും ചേർന്ന് നടത്തിയതായും പട്ടിണിക്കിടുന്നത് യുദ്ധരീതിയായി സ്വീകരിച്ചതിലൂടെ യുദ്ധക്കുറ്റം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹമാസിനെതി​​രെ എന്നപേരിൽ ഇസ്രായേൽ ഗസ്സയിൽ 14 മാസമായി നടത്തുന്ന കൂട്ട നശീകരണത്തിൽ അരലക്ഷത്തോളം സാധാരണക്കാരാണ് മരിച്ചുവീണത്. ലക്ഷക്കണക്കിനാളുകൾ പലായനത്തിന് വിധേയരായി. ഗസ്സയിലെ സകല ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർത്തു. പ്രതികൾ മനഃപൂർവം സാധാരണക്കാരെയും ആരോഗയസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടതായും ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവോടെ നെതന്യാഹുവും ഗാലന്റും അന്താരാഷ്ട്ര തലത്തിൽ ‘വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെട്ടു. നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എതിലേക്കെങ്കിലും യാത്ര ചെയ്താൽ അറസ്റ്റ് ചെയ്ത് വിചാരണക്കായി ഹേഗിലെ കോടതിയിൽ ഹാജരാക്കും.

അതേസമയം, വംശഹത്യ ആരോപണങ്ങൾ സെമിറ്റിക് വിരുദ്ധ നീക്കമാണെന്ന് ഇസ്രായേൽ ആരോപിച്ചു. ‘മതഭ്രാന്തുമുള്ള നിന്ദ്യമായ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ വീണ്ടും കെട്ടിച്ചമച്ച റിപ്പോർട്ട് നിർമ്മിച്ചു. അത് പൂർണ്ണമായും തെറ്റും നുണകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്’ - ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazaamnesty internationalIsrael Palestine Conflictgenocide
News Summary - Amnesty International accuses Israel of committing genocide in Gaza
Next Story