ഉത്തരകൊറിയയിൽ അജ്ഞാത ഉദരരോഗം വ്യാപിക്കുന്നു
text_fieldsപ്യോങ് യാങ്: ഉത്തരകൊറിയയിൽ അജ്ഞാത ഉദരരോഗം വ്യാപിക്കുന്നു. 800ഓളം കുടുംബങ്ങളിൽ 1600ലേറെ പേർക്ക് ഉദരരോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഉത്തരകൊറിയ നൽകുന്ന സൂചന.
ഉത്തരകൊറിയിലെ സൗത് വാങ്ഹെ പ്രൊവിൻസിലാണ് രോഗം വ്യാപിക്കുന്നത്. സാഹചര്യത്തിന്റെ തീവ്രത സൂചിപ്പിക്കുന്നതിനായി രോഗം വ്യാപിക്കുന്ന പ്രദേശത്തേക്ക് മരുന്നുകൾ അയക്കുന്ന ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെയും സഹോദരി കിം യോ ജോങ്ങിന്റെയും ചിത്രവും ഉത്തരകൊറിയൻ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ടിരുന്നു.
ഈ അജ്ഞാത രോഗം കോളറയോ ടൈഫോയിഡോ ആകാനുള്ള സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്. ഉത്തര കൊറിയിൽ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. കോവിഡ് കേസുകൾ കൂടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അജ്ഞാത രോഗം ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞമാസമാണ് പ്യോങ്യാങ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതായി പ്രഖ്യാപിച്ചത്. 25 ദശലക്ഷത്തോളം പേർ കോവിഡ് വാക്സിനെടുക്കാത്തവരാണ്. രണ്ടരക്കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേർക്ക് ഇതിനകം പകർച്ചപ്പനി ബാധിച്ചു കഴിഞ്ഞു. ഈ പനി കോവിഡ് ആണെന്ന അഭ്യൂഹവും ശക്തമാണ്. ഇതുവരെ 73 മരണങ്ങളും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എങ്കിലും യഥാർത്ഥ മരണസംഖ്യ എത്രയോ കൂടുതലാണ് എന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ നിഗമനം. പകർച്ചപ്പനി നിയന്ത്രിക്കുക തന്നെ ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ അജ്ഞാതമായ ഉദരരോഗം കൂടി പടർന്നു പിടിക്കുന്നത് ഉത്തര കൊറിയയിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.