മെർകൽ പടിയിറങ്ങി; ജർമനിയെ ഇനി ഒലഫ് ഷോൾസ് നയിക്കും
text_fieldsബർലിൻ: 16 വർഷം ജർമനി ഭരിച്ച കരുത്തയായ വനിത അംഗല മെർകൽ പടിയിറങ്ങി. പുതിയ ചാൻസലറായി സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ഒലഫ് ഷോൾസ് (63) അധികാരമേറ്റു. പാർലമെൻറിെൻറ അധോസഭയായ ബുണ്ടേഷ്താഗിൽ നടന്ന വോട്ടെടുപ്പിൽ ഷോൾസിന് 303നെതിരെ 395 വോട്ട് ലഭിച്ചു.
മെർകൽ സർക്കാറിൽ വൈസ് ചാൻസലറായും ധനമന്ത്രിയായും ചുമതലകൾ വഹിച്ചിരുന്നു. 736 അംഗ പാർലമെൻറിൽ ഇദ്ദേഹത്തിെൻറ ത്രികക്ഷി സഖ്യത്തിന് 416 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഷോൾസിെൻറ സെൻറർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകൾക്കൊപ്പം പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയും ബിസിനസ് സൗഹാർദരായ ഫ്രീ ഡെമോക്രാറ്റുകളുമാണ് സഖ്യത്തിലുള്ളത്. മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റ് പാർട്ടി പ്രതിപക്ഷത്തിരിക്കും. കോവിഡ് ഉൾപ്പെടെ വലിയ പ്രതിസന്ധികളാണ് ഷോൾസിനെ കാത്തിരിക്കുന്നത്. യുക്രെയ്ൻ അതിർത്തിയിൽ റഷ്യയുടെ സൈനികസന്നാഹവും ജർമനിക്കു ഭീഷണിയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ചാൻസലർ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഷോൾസ് മുന്നിലെത്തിയത്. കാലാവസ്ഥ വ്യതിയാനം തടയാനും കൽക്കരി ഊർജ ഉപയോഗം ഗണ്യമായി കുറച്ച് പുനരുപയോഗ ഊർജത്തിലേക്കു മാറാനും പുതിയ സർക്കാറിന് വ്യക്തമായ പദ്ധതികളുണ്ട്. എന്നാൽ, കോവിഡ് ഭീഷണി തടയുകയാണ് മുഖ്യലക്ഷ്യം. 24 മണിക്കൂറിനിടെ 69,601 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 527 പേർ മരിക്കുകയും ചെയ്തു. പുതിയ സർക്കാറിൽ ഗ്രീൻപാർട്ടിയുടെ അനലീന ബെയർബോക് വിദേശകാര്യമന്ത്രിയാകും. ഗ്രീൻ പാർട്ടിയിലെ റോബർട്ട് ഹാബെക് വൈസ് ചാൻസലറാകും. ഫ്രീ ഡെമോക്രാറ്റ്സിലെ ക്രിസ്ത്യൻ ലിൻഡ്നറിനായിരിക്കും ധനകാര്യം.
ഉരുക്കു മതിലായി അംഗല മെർകൽ
സമീപകാലത്തെ കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ അംഗല മെർകൽ (67) ജർമനിക്ക് താങ്ങായി. ഭരണകാലത്ത് അഭയാർഥികളോടുള്ള ഉദാരസമീപനത്തിെൻറ പേരിൽ മെർകൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ മാറിയപ്പോഴും സുദീർഘമായ 16 വർഷം മെർകൽ ജർമനിയുടെ അമരത്ത് ഉറച്ചുനിന്നു. 31 വർഷം നീണ്ട രാഷ്ട്രീയജീവിതത്തിന് വിരാമമിടുന്നതിെൻറ ഭാഗമായി മെർകൽ തന്നെയാണ് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.
വായിക്കാനും ഉറങ്ങാനും കുറച്ചുസമയം മാറ്റിവെക്കണമെന്നല്ലാതെ ഭാവി പരിപാടികളെക്കുറിച്ച് മെർകൽ വിശദമാക്കിയിട്ടില്ല. 1990ലാണ് ശാസ്ത്രജ്ഞയായ മെർകൽ ആദ്യമായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിവ് കണ്ടറിഞ്ഞ് അന്നത്തെ ചാൻസലറായിരുന്ന ഹെൽമുട് കോൾ മന്ത്രിസഭാംഗമാക്കി. 2000ത്തിൽ മെർകൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് പാർട്ടി നേതാവായി; 2005ൽ ചാൻസലറും. അന്നുമുതൽ തുടരുന്ന ഭരണത്തിനാണ് അവസാനമായത്. തെരഞ്ഞെടുപ്പിനുശേഷം കാവൽമന്ത്രിസഭയെ നയിക്കുകയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.