ഗസ്സ കൂട്ടക്കുഴിമാടം, ഈ ക്രൂരതയിൽ ഇസ്രായേലിനൊപ്പം ലോക നേതാക്കളും പങ്കാളികൾ -നടി ആഞ്ജലീന ജോളി
text_fieldsവാഷിങ്ടൺ ഡി.സി: ഗസ്സയിലെ ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ ഭീകരതക്കെതിരെ പ്രതികരിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി. പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മന:പൂർവമായ ബോംബാക്രമണമാണിതെന്ന് ആഞ്ജലീന ജോളി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
'രണ്ട് ദശാബ്ദം ഒരു തുറന്ന ജയിലായി തുടരുന്ന ഗസ്സ കൂട്ടക്കുഴിമാടമായി മാറുകയാണ്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്' -ആഞ്ജലീന ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. ജബലിയ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ ചിത്രവും അവർ പങ്കുവെച്ചു.
ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോൾ ഇസ്രായേലിനെതിരെ അന്താരാഷ്ട്രതലത്തിൽ സമ്മർദം ഉയരുകയാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബൊളീവിയ, കൊളംബിയ, ചിലി എന്നിവ ഗസ്സയിലെ ഇസ്രായേൽ നരവേട്ടയിൽ പ്രതിഷേധിച്ച് അംബാസഡർമാരെ തിരികെ വിളിച്ചിരിക്കുകയാണ്. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇസ്രായേലിലെ അംബാസിഡറെ ജോർദാനും തിരികെ വിളിച്ചിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 8700 പിന്നിട്ടിരിക്കുകയാണ്. 3648 കുട്ടികളും 2290 സ്ത്രീകളും കൊല്ലപ്പെട്ടവരിലുൾപ്പെടും. 1020 കുട്ടികളടക്കം 2030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.