ഖലിസ്ഥാനികളോടുള്ള രോഷം കനേഡിയൻ തെരുവുകളിൽ; പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ വംശജർ
text_fieldsബ്രാംടൺ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ പതാകകളുമായി എത്തിയവർ ആക്രമണം നടത്തിയ സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ വംശജർ. ആക്രമിക്കപ്പെട്ട ബ്രാംടണിലെ ഹിന്ദു സഭ ക്ഷേത്രത്തിന് പുറത്താണ് ഇന്ത്യൻ വംശജർ പ്രതിഷേധം സംഘടിപ്പിച്ചത്. ത്രിവർണ പതാകകളുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
ഹിന്ദുക്കളും സിഖുകാരും അടക്കമുള്ളവർ പ്രതിഷേധത്തിന്‍റെ ഭാഗമായി. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡ് ഉപരോധിച്ചു. കനേഡിയൻ രാഷ്ട്രീയ പാർട്ടികൾക്കുള്ള പിന്തുണ ഹിന്ദുക്കൾ പുനഃപരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ബ്രാംടണിലെ ക്ഷേത്രത്തിന് പുറത്ത് ഇന്ത്യൻ-കനേഡിയൻ പൗരന്മാർ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ (CoHNA) ആണ് മാർച്ച് സംഘടിപ്പിച്ചത്.
നവംബർ നാലിനാണ് കാനഡയിലെ ബ്രാംടണിൽ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ പതാകകളുമായെത്തിയവർ ആക്രമണം നടത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് യാതൊരു പ്രകോപനമില്ലാതെ സംഘർഷമുണ്ടായത്.
ഖലിസ്താൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത പൊലീസുകാരനെ കാനഡ സസ്പെൻഡ് ചെയ്തിരുന്നു. ഹരീന്ദർ സോഹിയെന്ന പൊലീസുകാരനെയാണ് സസ്പെൻഡ് ചെയ്തത്. ഹിന്ദു സഭ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം നടത്തിയ ആളുകളുടെ കൂട്ടത്തിൽ ഹരീന്ദർ സോഹിയും ഉണ്ടായിരുന്നു.
ഖലിസ്ഥാൻ പതാകയുമായി പ്രതിഷേധത്തിന്റെ മുൻനിരയിൽ ഹരീന്ദർ സോഹി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പൊലീസുകാരനെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.