ആനി എർനോ: സാഹിത്യത്തിലെ നരവംശശാസ്ത്രജ്ഞ
text_fieldsസ്റ്റോക്ഹോം: ഫിക്ഷന്റെ ലോകത്തുനിന്ന് സ്വന്തം അനുഭവ പരിസരങ്ങളിലേക്ക് എഴുത്തിനെ വഴിതിരിച്ചുവിട്ട് 'ഓർമക്കുറിപ്പ് സാഹിത്യ ശാഖ'യിലേക്ക് പരമോന്നത സാഹിത്യ പുരസ്കാരം എത്തിച്ച് ആനി എർനോ.
തന്റെയും തന്റെ ജീവിത പരിസരത്തെയും സംഭവങ്ങളും സൂക്ഷ്മ വിശദാംശങ്ങളും കാലസഞ്ചാരത്തിനോട് ചേർത്തുവെച്ച് ഈ ഫ്രഞ്ച് എഴുത്തുകാരി എഴുതിയപ്പോൾ, നാൽപതുകൾ മുതലിങ്ങോട്ടുള്ള ഫ്രഞ്ച് സമൂഹത്തിന്റെതന്നെ കണ്ണാടിയായി അത്. 2014ൽ പാട്രിക് മൊദിയാനോക്ക് ലഭിച്ച പുരസ്കാരത്തിനുശേഷമാണ് സാഹിത്യ നൊബേൽ ഫ്രാൻസിലെത്തുന്നത്.
''മഹത്തായ ഒരു ബഹുമതിയും ഒപ്പം അതിമഹത്തായ ഉത്തരവാദിത്തവുമാണ് എനിക്ക് നൊബേൽ പുരസ്കാരം'' എന്നായിരുന്നു വാർത്ത അറിഞ്ഞപ്പോൾ ആനി എർനോ പ്രതികരിച്ചത്. കഥയെഴുത്തുകാരിയേക്കാൾ നരവംശശാസ്ത്രജ്ഞയുടെ കൃത്യതയാണ് എർനോയുടെ കൃതികളിലുള്ളതെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ജീവിതവും രോഗവും ലൈംഗിക ജീവിതവും ഗർഭഛിദ്രവും മാതാപിതാക്കളുടെ മരണവുമെല്ലാം എർനോ വളച്ചുകെട്ടില്ലാതെ വിവരിച്ചപ്പോൾ ഫ്രഞ്ച് വായനക്കാർക്ക് അത് പച്ചയായ അനുഭവമായി മാറി. മുൻ പുസ്തകങ്ങളിൽനിന്ന് വ്യത്യസ്തമായി 2008ൽ പുറത്തിറങ്ങിയ 'ദ ഇയേഴ്സി'ൽ, 'ഞാൻ' എന്നതിനു പകരം 'അവൾ' എന്നായിരുന്നു എർനോ തന്നെ വിശേഷിപ്പിച്ചത്.
ഒട്ടേറെ പുരസ്കാരങ്ങൾ ഈ കൃതിയെ തേടിയെത്തി. നിയമവിരുദ്ധ ഗർഭഛിദ്രത്തിന്റെ പ്രത്യാഘാതങ്ങൾ പറയുന്ന 2000ലെ 'ഹാപ്പനിങ്', 2016ലെ 'എ ഗേൾസ് സ്റ്റോറി' എന്നിവയും ഏറെ ശ്രദ്ധ നേടിയിരുന്നു.
119 സാഹിത്യ നൊബേൽ ജേതാക്കളിൽ 17ാമത്തെ വനിതയാണ് എർനോ. പുരസ്കാരത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെങ്കിലും മുഖ്യ ശ്രദ്ധ സാഹിത്യ ഗുണത്തിൽ തന്നെയാണെന്ന് പുരസ്കാര സമിതി അധ്യക്ഷൻ ആൻഡേഴ്സ് ഓൾസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.