ഗസ്സയിൽ വീണ്ടും ആക്രമണം, 27 മരണം; ചർച്ചക്ക് തയാറെന്ന് ഹമാസ്
text_fieldsകിഴക്കൻ ഗസ്സയിലെ ബൈത് ഹാനൂനിൽനിന്ന് ഒഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങളടക്കമുള്ളവർ
ഗസ്സ സിറ്റി: ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 27 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 413 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു വിദേശ ജീവനക്കാരൻ കൊല്ലപ്പെട്ടു.
പരിക്കേറ്റ അഞ്ച് ജീവകാരുണ്യ പ്രവർത്തകരെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വീടും ആക്രമണത്തിൽ തകർന്നു. ഖാൻ യൂനിസിന് സമീപം അബസാൻ അൽ ജദീദ നഗരത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജനങ്ങളോട് വീടുവിട്ട് പോകാൻ ഉത്തരവ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ഇസ്രായേലിന് നേരെ ആക്രമണത്തിന് തയാറെടുത്ത ഹമാസ് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
കിഴക്കൻ ഗസ്സയിലെ ബൈത് ഹാനൂൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ രണ്ടാം ദിവസവും ഇസ്രായേൽ ജനങ്ങൾക്ക് നിർദേശം നൽകി. ആശുപത്രികളിൽ മരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും കുറവുള്ളതിനാൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഗസ്സയിലേക്ക് സഹായം എത്തുന്നത് 18 ദിവസമായി ഇസ്രായേൽ തടഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഹമാസിനെ തകർക്കുകയും ഗസ്സയുടെ ഭാവിയിൽ അവർക്ക് പങ്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
ചർച്ചക്ക് തയാറെന്ന് ഹമാസ്
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി ഹമാസ്. അതേസമയം, ഇരുകൂട്ടരും ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലവിലിരിക്കെ, പുതിയ കരാറിന്റെ ആവശ്യമില്ലെന്ന് ഹമാസ് വക്താവ് താഹിർ അൽ നോനോ പറഞ്ഞു. ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.