നേപ്പാളില്‍ വീണ്ടും ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
text_fieldsനേപ്പാൾ: നേപ്പാളിലെ കാഠ്മണ്ഡുവിനു സമീപം വീണ്ടും ഭൂചലനം. പുലർച്ചെ 4.17 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. ഞായറാഴ്ചയും നേപ്പാളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ്. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചയ്ക്ക് 2:25 നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും വീണ്ടും ഭൂചലനമുണ്ടായി.
രണ്ടാമത്തെ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഓഫീസുകളില്‍ നിന്നും ബഹുനില കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അഭ്യര്‍ത്ഥിച്ചു. കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് വരണമെന്നും എലിവേറ്ററുകള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിന് 112ല്‍ വിളിക്കാമെന്നും പരിഭ്രാന്തി വേണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ഗവണ്‍മെന്റിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് (പി.ഡി.എൻ.എ) പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ പതിനൊന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഭൂകമ്പ സാധ്യതയേറിയ ലോകത്തിലെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് സോണുകളിലൊന്നിലാണ് നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. ഒക്ടോബർ മൂന്നിന് 6.2 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ നാല് ഭൂകമ്പങ്ങളാണ് ഈ മാസം തന്നെ നേപ്പാളിലുണ്ടായത്. 2015 ഏപ്രില്‍ 25-ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 8,000-ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് 21,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.