അൽശിഫ ആശുപത്രിയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി
text_fieldsഗസ്സ: ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം രോഗികളെയും ജീവനക്കാരെയും കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് കരുതുന്നത്. അൽ ശിഫ ആശുപത്രിയിൽ മാത്രം മൂന്ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു.
ഇസ്രായേൽ പുതിയ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം അൽ ശിഫ ആശുപത്രിയുടെ മുറ്റത്ത് കുഴിമാടത്തിൽ 30 മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. ആളുകളെ കൊന്ന് കുഴിച്ചുമൂടുന്നത് നേരിൽ കണ്ടതായി മെഡിക്കൽ സ്റ്റാഫും സാക്ഷ്യപ്പെടുത്തുന്നു. വെടിവെച്ചും പട്ടിണിക്കിട്ടും മർദിച്ചും രണ്ടാഴ്ചകൊണ്ട് കൂട്ടക്കൊല ചെയ്തത് 300ഓളം പേരെയാണ്. മരിച്ചവരുടെ ദേഹത്ത് കൂടി ടാങ്കുകൾ ഓടിച്ചുകയറ്റിയെന്ന് ദൃക്സാക്ഷികൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180ലധികം പേരെ പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുകയുംചെയ്തു. നേരത്തേ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടവർ രോഗികളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിൽ മെഡിക്കൽ ബാൻഡേജുകളും കത്തീറ്ററുകളുമുള്ള നിലയിലായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയവരുടെ മൃതദേഹങ്ങൾ. ഗസ്സ യുദ്ധം തുടങ്ങിയശേഷം നാലുതവണയാണ് അൽശിഫ ആശുപത്രി ഇസ്രായേൽ ആക്രമിച്ചത്. ഗസ്സയിലെ മൂന്ന് ആശുപത്രികളിലായി ഏഴ് കൂട്ടക്കുഴിമാടങ്ങളിൽ 520 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.