യു.എസിലെ ടെസ്‌ല ഷോറൂമുകൾ ലക്ഷ്യമിട്ട് ‘ആന്റി ഡോജ്’ പ്രതിഷേധക്കാർ
text_fieldsവാഷിംങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി സർക്കാർ ചെലവ് വെട്ടിക്കുറക്കാനുള്ള, വാഹന നിർമാതാവും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് യു.എസിലുടനീളമുള്ള ‘ടെസ്‌ല’ കാർ ഷോറൂമുകൾക്ക് പുറത്ത് ഒത്തുകൂടി പ്രകടനക്കാർ.
മസ്‌കിന്റെ വിനാശകരമായ ശ്രമങ്ങൾക്കെതിരെ വടക്കേ അമേരിക്കയിലും യൂറോപ്പിലും വർധിച്ചുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് പ്രകടനങ്ങൾ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹന നിർമാതാക്കളായ ടെസ്‌ലയുടെ വാങ്ങലുകൾ നിരുത്സാഹപ്പെടുത്താൻ ഈ പ്രകടനങ്ങൾ പ്രേരിപ്പിക്കുമെന്ന് ട്രംപിന്റെയും മസ്‌കിന്റെയും വിമർശകർ കരുതുന്നു. ട്രംപിന്റെ നവംബറിലെ വിജയത്തിൽ ഇപ്പോഴും നിരാശയിൽ തുടരുന്ന ഡെമോക്രാറ്റുകൾക്ക് ഊർജം പകരാനുമുള്ള പ്രതീക്ഷയിൽ മനുഷ്യാവകാശ ഗ്രൂപ്പുകൾ ആഴ്ചകളായി ടെസ്‌ല വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരികയാണ്.
‘എല്ലായിടത്തെയും ഷോറൂമുകളിൽ ഹാജറാകുകയും ടെസ്‌ലയെ ബഹിഷ്‌കരിക്കുകയും സ്റ്റോക്കുകളും കാറും വിൽക്കാനും പറഞ്ഞുകൊണ്ട് നമുക്ക് ടെസ്‌ലക്ക് നേരിട്ടുള്ള സാമ്പത്തിക നാശം വരുത്താം’ -ശനിയാഴ്ച ബോസ്റ്റണിൽ പ്രതിഷേധിച്ച മസാച്യുസെറ്റ്‌സിലെ ന്യൂട്ടണിൽ നിന്നുള്ള 58 കാരനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ നഥാൻ ഫിലിപ്‌സ് പറഞ്ഞു.
ശനിയാഴ്ച 50ലധികം പ്രകടനങ്ങൾ ലിസ്റ്റ് ചെയ്തതായി ‘ടെസ്‌ല ടേക്ക്‌ഡൗൺ’ എന്ന വെബ്‌സൈറ്റിൽ പറയുന്നു. ടെസ്‍ല വിരുദ്ധ പ്രതിഷേധം രാജ്യത്തിനു പുറത്തും ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്. ചില ടെസ്‌ല ഉടമകൾ തങ്ങളുടെ വാഹനങ്ങൾ ‘സ്വസ്തികകൾ’ സ്പ്രേ പെയിന്റ് ചെയ്ത് നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരിടത്ത്, ഫെഡറൽ പ്രോസിക്യൂട്ടർമാർ നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കെതിരെ കുറ്റം ചുമത്തി. അതിൽ കോക്‌ടെയിലുകൾ വാഹനങ്ങൾക്ക് നേരെ എറിയുന്നതും കെട്ടിടത്തിൽ ‘നാസി കാറുകൾ’ എന്ന് സ്പ്രേ ചെയ്തെന്നതും ഉൾപ്പെടുന്നു.
ശനിയാഴ്ച, ബോസ്റ്റണിൽ നടന്ന പ്രകടനത്തിന് ഉത്സവ സമാന അന്തരീക്ഷം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ അടയാളങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തുകയും സംഗീതം പ്ലേ ചെയ്യുകയും ചെയ്തു. പല അടയാളങ്ങളും മസ്‌കിനെയും ഡോജിനെയും പരിഹസിച്ചു. ഇലോണിനെയും അയാളുടെ നിന്ദ്യരായ ‘മസ്‌ക്രാറ്റു’കളേയും തടയുക എന്ന മുദ്രാവാക്യങ്ങളുമുയർത്തി.
ഫെഡറൽ ചെലവുകൾ വെട്ടിക്കുറക്കാനും തൊഴിലാളികളെ കുത്തനെ കുറക്കാനും ട്രംപിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുവരികയാണ് മസ്‌ക്. ട്രംപിന്റെ വിജയം അദ്ദേഹത്തിന് യു.എസ് ഗവൺമെന്റിനെ പുനഃസംഘടിപ്പിക്കാനുള്ള അധികാരം നൽകി. ‘ഡോജ്’ ഉദ്യോഗസ്ഥർ സെൻസിറ്റിവ് ഡാറ്റാബേസുകളിലേക്ക് അതിവേഗം പ്രവേശനം നേടി. ആയിരക്കണക്കിന് ഫെഡറൽ ജോലി വെട്ടിക്കുറക്കാനും കരാറുകൾ റദ്ദാക്കാനും യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഉൾപ്പെടെയുള്ള ഗവൺമെന്റിന്റെ വിഭാഗങ്ങൾ അടച്ചുപൂട്ടാനും നിർദേശിച്ചു.
മസ്‌കിന്റെ വിമർശകർ പറയുന്നത്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യു.എസ് ബജറ്റ് നിയന്ത്രിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തെ ധിക്കരിക്കുകയും സ്വയം സമ്പന്നനാകാനുള്ള നിരവധി മാർഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. നാസക്കും ഇന്റലിജൻസ് കമ്യൂണിറ്റിക്കും വേണ്ടി വിക്ഷേപണങ്ങൾ നടത്തുന്ന സ്പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ‘എക്‌സ്’ എന്നിവയടക്കം നിരവധി കമ്പനികളയാണ് മസ്ക് നയിക്കുന്നത്.
എന്നാൽ, ‘ഡോജ്’ സ്ഥാപിക്കുമെന്നും തങ്ങളുടെ ഫെഡറൽ ഗവൺമെന്റിനെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും രാജ്യത്തുടനീളമുള്ള കഠിനാധ്വാനികളായ അമേരിക്കൻ നികുതിദായകരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരുമാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിന്ന് ട്രംപിനെയും ഇലോൺ മസ്‌കിനെയും ഈ പ്രതിഷേധങ്ങൾ തടയില്ല എന്ന് വൈറ്റ് ഹൗസ് വക്താവ് ഹാരിസൺ ഫീൽഡ്സ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.