പടിഞ്ഞാറൻ യൂറോപ്പിൽ വാക്സിൻ വിരുദ്ധ പ്രതിഷേധം ശക്തിപ്പെടുന്നു
text_fieldsപാരിസ്: പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ വാക്സിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി, ആസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ച വാക്സിൻ വിരുദ്ധ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. കോവിഡ് വ്യാപനത്തിനു പിന്നാലെ വാക്സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് വാക്സിൻ വിരുദ്ധരെ പ്രകോപിപ്പിച്ചത്.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നടന്ന പ്രതിഷേധ റാലിയിൽ മുഖാവരണം ധരിക്കാതെ, കടുത്ത തണുപ്പിനെയും മഴയെയും അവഗണിച്ച് നൂറുകണക്കിന് പേർ പങ്കെടുത്തു. 'സത്യം', 'സ്വാതന്ത്ര്യം', 'വാക്സിൻ പാസ്സ് വേണ്ട' എന്നിവ എഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെതിരെ മുദ്രാവാക്യം വിളിച്ചു. വാക്സിനെടുക്കാത്തവരുടെ ജീവിതം കൂടുതൽ സങ്കീർണമാക്കി അവരെ വാക്സിനെടുക്കാൻ നിർബന്ധിപ്പിക്കുമെന്ന് പ്രസിഡന്‍റ് പ്രസ്താവന നടത്തിയിരുന്നു.
വെള്ളിയാഴ്ച ഫ്രാൻസിൽ മൂന്നു ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും പ്രവേശിക്കുന്നതിനും ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ പ്രതിഷേധ റാലിയിൽ 40,000ലധികം പേർ പങ്കെടുത്തു. അടുത്തമാസം മുതൽ വാക്സിനേഷൻ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. ജർമനിയിലെ വിവിധയിടങ്ങളിൽ നടന്ന റാലികളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഹാംബർഗിൽ 16,000 പേർ പങ്കെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.