യുദ്ധവിരുദ്ധ പ്രക്ഷോഭം; റഷ്യയിൽ 1300 പേർ അറസ്റ്റിൽ
text_fieldsമോസ്കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമായി. റിസർവ് സൈന്യത്തെ വിളിക്കാനുള്ള തീരുമാനത്തിനുപിന്നാലെയാണിത്. 1300ലേറെ പേർ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 38 നഗരങ്ങളിൽ പ്രതിഷേധം നടന്നു.
സൈന്യത്തിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും ആരെയൊക്കെ ഉൾപ്പെടുത്തും, ആരെയൊക്കെ ഒഴിവാക്കും എന്നതുസംബന്ധിച്ച് അടുത്ത ദിവസം വ്യക്തമാക്കുമെന്നും പ്രസിഡന്റ് പുടിൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞതിനുപിന്നാലെ റഷ്യയിൽനിന്ന് പുറത്തുപോകാൻ പൗരന്മാരുടെ തിരക്കുണ്ട്. റഷ്യൻ വിമാനക്കമ്പനികൾ പുറത്തേക്ക് ടിക്കറ്റ് നൽകുന്നില്ല.
മറ്റു വിമാനക്കമ്പനികളിൽ അർമീനിയ, ജോർജിയ, അസർബൈജാൻ, കസാഖ്സ്താൻ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് റഷ്യയിൽനിന്നുള്ള ടിക്കറ്റ് വിറ്റുതീർന്നു. പോരാട്ടഭൂമികയിൽ നിലയുറപ്പിക്കാൻ ശേഷിയും പരിചയവുമുള്ളവരെ മാത്രമാണ് വിളിപ്പിക്കുകയെന്നും ഇത്തരത്തിലുള്ള രണ്ടരക്കോടി ആളുകൾ രാജ്യത്തുണ്ടെന്നും ഇതിൽ ഒരു ശതമാനത്തെ മാത്രമേ വിളിപ്പിക്കേണ്ടതുള്ളൂവെന്നും പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പറഞ്ഞു. സെപ്റ്റംബർ തുടക്കം മുതൽ യുക്രെയ്ൻ ശക്തമായ പ്രത്യാക്രമണം നടത്തുന്നത് റഷ്യൻ സേനയെ സമ്മർദ്ദത്തിലാക്കന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.