ഫലസ്തീൻ-ഇസ്രായേൽ സംഘർഷം; വിവിധ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി
text_fieldsവാഷിങ്ടൺ: ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വിവിധ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയ, യു.കെ വിദേശകാര്യമന്ത്രിമാരുമായും ഖത്തർ പ്രധാനമന്ത്രിയുമായും ആന്റണി ബ്ലിങ്കൺ ചർച്ച നടത്തി. ബ്ലിങ്കൺ തന്നെയാണ് ചർച്ച നടത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ജോർദാൻ ഉപപ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തിയെന്ന് ബ്ലിങ്കൺ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി , തുർക്കിയ വിദേശകാര്യമന്ത്രി, ഈജിപ്ത് വിദേശകാര്യമന്ത്രി എന്നിവരുമായും ഇസ്രായേൽ വിഷയം ചർച്ച ചെയ്തുവെന്ന് ആന്റണി ബ്ലിങ്കൺ പറഞ്ഞു.
ഇസ്രായേലിന്റെ തിരിച്ചടിക്കാനുള്ള അവകാശം ചർച്ചകളിൽ ബ്ലിങ്കൺ ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം ബന്ദികളെ മോചിപ്പിക്കണമെന്നും ഇസ്രായേൽ പൗരൻമാരെ സുരക്ഷിതരാക്കണമെന്ന ആവശ്യവും ചർച്ചകളിൽ ഉന്നയിച്ചതായി ബ്ലിങ്കൺ അറിയിച്ചു.
ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.