ഭീകരവിരുദ്ധ പോരാട്ടത്തിന് താലിബാന് ഉത്തരവാദിത്തമുണ്ടെന്ന് അമേരിക്ക
text_fieldsവാഷിങ്ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിന് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക. ഭീകരവിരുദ്ധ പോരാട്ടം തുടരുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യോഗത്തിൽ പങ്കെടുത്തത്.
അഫ്ഗാനിലെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനും തീവ്രവാദത്തിനെതിരായ വിഷയങ്ങളിലും താലിബാനെ ഉത്തരവാദിത്തപ്പെടുത്താൻ രാജ്യങ്ങൾ ഒന്നിക്കണം. വിദേശ പൗരന്മാർക്കും രാജ്യംവിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്കും സുരക്ഷിതപാത അനുവദിക്കണമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
സ്ത്രീകളും പെൺകുട്ടികളും അടക്കം അഫ്ഗാൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനും ഭീകരവാദത്തിന് അഫ്ഗാൻ ഒരു സുരക്ഷിത താവളമായി മാറുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും അമേരിക്ക സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നൽകുമെന്ന് ബ്ലിങ്കൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ജർമ്മനി, ആസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കുവൈറ്റ്, നോർവെ, പാക്കിസ്താൻ, ഖത്തർ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, സൗദി അറേബ്യ, സ്പെയിൻ, തജിക്കിസ്ഥാൻ, തുർക്കി, തുർക്ക്മെനിസ്ഥാൻ, യു.എ.ഇ. യു.കെ, ഉസ്ബെക്കിസ്ഥാൻ, എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയൻ, നാറ്റോ, യുഎൻ എന്നീ സംഘടനകളുടെയും പ്രതിനിധികളാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്.
അഫ്ഗാൻ ജനതക്ക് നൽകുന്ന പിന്തുണയിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.