അനുര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്‍റായി ചുമതലയേറ്റു
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റായി ഇടത് നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റു. പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിലാണ് ദിസനായകെ ചുമതലയേറ്റത്. ശ്രീലങ്കക്ക് ഒരു പുതിയ തുടക്കം നൽകുമെന്ന് മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയായ ജെ.വി.പി (ജനത വിമുക്തി പെരമുന) നേതാവായ ദിസനായകെ പറഞ്ഞു.
രാജ്യത്ത് നവോത്ഥാനത്തിന്‍റെ ഒരു പുതിയ യുഗം കൊണ്ടുവരാൻ നിങ്ങളേൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്യുന്നു, അതിലേക്കായി എല്ലാവരുടെയും കൂട്ടായ സംഭാവനകൾ പ്രതീക്ഷിക്കുന്നു -ദിസനായകെ പറഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിൽ 42.31 ശതമാനം വോട്ടുകൾ നേടിയാണ് നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) സഖ്യത്തിന്‍റെ സ്ഥാനാർഥിയായ ദിസനായകെ മുന്നിലെത്തിയത്. ആർക്കും 50 ശതമാനം വോട്ടുകൾ നേടാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണന വോട്ടുകൾ കൂടി എണ്ണിയാണ് ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.
എ.ഡി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസ്സനായകെ 2000ത്തിലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. 2014ലെ ദേശീയ കൺവെൻഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെ.വി.പിയുടെ അമരത്തെത്തുന്നത്. 2019ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടിയെങ്കിലും വെറും മൂന്നു ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇത്തവണ എതിരാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്നേറ്റം.
തെരഞ്ഞെടുപ്പിൽ തൊഴിലാളിവർഗത്തിന്റെയും സർവകലാശാല വിദ്യാർഥികളുടെയും അധ്യാപകരുടെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത്. കടക്കെണിയിൽ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തിന്റെയും പ്രതിച്ഛായ ഉയർത്തിയുള്ള അദ്ദേഹത്തിന്‍റെ പ്രചാരണം ഫലപ്രദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.