റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്
text_fieldsഗസ്സ: വീടുകൾ നഷ്ടപ്പെട്ട 14 ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർക്കുന്ന റഫയിൽ കരയാക്രമണം നടത്താനെത്തുന്ന ഇസ്രായേൽ സേന കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഫലസ്തീൻ വിമോചന സംഘടന ഹമാസ്. റഫയിലെ കരയാക്രമണം ഇസ്രായേൽ സൈനികർക്ക് ഒരു ‘ഉല്ലാസയാത്ര’ ആയിരിക്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
‘റഫയിലെ ഞങ്ങളുടെ മനുഷ്യരെ രക്ഷിക്കാൻ അൽ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ധീരരായ ചെറുത്തുനിൽപ്പ് പോരാളികൾ പൂർണ്ണമായും സജ്ജരാണ്’ -ഹമാസ് പറഞ്ഞു. ഇസ്രായേൽ നീക്കം ഗസ്സയിൽ ബന്ദികളായവരുടെ ജീവൻ പരിഗണിക്കാതെയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. റഫയിൽ കരയാക്രമണം നടത്തുന്നത് ബന്ദിമോചന -വെടിനിർത്തൽ ചർച്ചകളെ അപകടത്തിലാക്കുമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അൽ റാഷിഖ് മുന്നറിയിപ്പ് നൽകി.
അതേസമയം, കുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ലക്ഷക്കണക്കിന് നിസ്സഹായരായ സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇസ്രായേലിന്റെ കരയാക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഫലസ്തീനികൾക്കായുള്ള യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ റഫ വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു.
റഫയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പ് ലഘുലേഖകൾ വിതരണം ചെയ്ത ഇസ്രായേൽ, തിങ്കളാഴ്ച ഒരുലക്ഷം പേരെ ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
അതിനിടെ, റഫയിലെ സൈനിക നീക്കം കൂട്ടക്കുരുതിക്ക് ഇടയാക്കുമെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ വക്താവ് ഹാദിദ് അറിയിച്ചു. കൂട്ടമായി ആളുകൾ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ യു.എസ് അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.