ഇന്ത്യ-ഇറാൻ തുറമുഖ കരാറിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ്
text_fieldsവാഷിങ്ടൺ: ഇറാനിലെ ഛബഹാർ തുറമുഖം 10 വർഷത്തേക്ക് നടത്താനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ്. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്നാണ് യു.എസ് മുന്നറിയിപ്പ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത പട്ടേലാണ് ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയത്.
ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് പറയേണ്ടത് അവരാണെന്നും വേദാന്ത പട്ടേൽ വ്യക്തമാക്കി. ഇന്ത്യയും ഇറാനും തമ്മിൽ ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ടവിവരം അറിഞ്ഞു. തുറമുഖ കരാറുമായി ബന്ധപ്പെട്ടും വിദേശനയത്തെ കുറിച്ചും പ്രതികരിക്കേണ്ടത് ഇന്ത്യയാണെന്ന് പട്ടേൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വേദാന്ത പട്ടേൽ ഇക്കാര്യം പറഞ്ഞത്.
ഇറാന് മേലുള്ള യു.എസ് ഉപരോധം ഇപ്പോഴുമുണ്ട്. അത് തുടരാനാണ് തീരുമാനം. ആരെങ്കിലും ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്നും വേദാന്ത പട്ടേൽ മുന്നറിയിപ്പ് നൽകി. ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും(ഐ.പി.ജി.എൽ) പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും തമ്മിലാണ് ഒപ്പുവെച്ചത്. 10 വർഷമാണ് കരാറിന്റെ കാലാവധി.
തുറമുഖത്തിൽ ഐ.പി.ജി.എൽ 120 മില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും. ഇതിന് പുറമേ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പയായും നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.